ക്യാച്ച് മിസ് ചെയ്യുന്നതൊക്കെ സാധാരണം, എന്നാല്‍ ക്യാച്ച് മിസ് ചെയ്ത് സിക്‌സറാക്കുന്ന മണ്ടത്തരം അപൂര്‍വങ്ങളില്‍ അപൂര്‍വം; പാകിസ്ഥാന്‍ യഥാര്‍ത്ഥത്തില്‍ തോറ്റ നിമിഷം
കഴിഞ്ഞ ദിവസം ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ശ്രീലങ്ക തങ്ങളുടെ ആറാം ഏഷ്യാ കപ്പ് കിരീടം കൊളംബോയിലെത്തിച്ചിരുന്നു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 23 റണ്‍സിന് പാക് നിരയെ തോല്‍പിച്ചായിരുന്നു ലങ്ക ആറാം കിരീടത്തില്‍ മുത്തമിട്ടത്.
ഭാനുക രജപക്‌സെയായിരുന്നു ശ്രീലങ്കയുടെ മാച്ച് വിന്നര്‍. ബാറ്റിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുത്ത രജപക്‌സെയുടെ പ്രകടനമാണ് പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. 45 പന്തില്‍ നിന്നും 71 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ആറാം വിക്കറ്റില്‍ വാനിന്ദു ഹസരങ്കക്കൊപ്പവും ഏഴാം വിക്കറ്റില്‍ കരുണരത്‌നക്കൊപ്പവും മികച്ച കൂട്ടുകെട്ടുണ്ടാക്കിയാണ് രജപക്‌സെ ലങ്കന്‍ ഇന്നിങ്‌സിന് അടിത്തറയിട്ടത്.
ഒരുപക്ഷേ പാകിസ്ഥാന്‍ ഫീല്‍ഡിങ്ങില്‍ വരുത്തിയ പിഴവ് ഇല്ലായിരുന്നുവെങ്കില്‍ ബാബര്‍ അസമായിരുന്നു കിരീടമുയര്‍ത്തേണ്ടിയിരുന്നത്. ഫീല്‍ഡിങ്ങില്‍ വരുത്തിയ പിഴവുകളായിരുന്നു പാകിസ്ഥാന് വിനയായത്. അത് അടിവരയിടുന്നതായിരുന്നു രജപക്‌സെയുടെ ക്യാച്ച് മിസ്സാക്കിയ പാക് ഫീല്‍ഡര്‍മാരുടെ മണ്ടത്തരം.
ആസിഫ് ക്യാച്ചെടുക്കവെ ഓടിയെത്തിയ ഷദാബ് ഖാന്‍ താരവുമായി കൂട്ടിയിടിക്കുകയും പന്ത് ബൗണ്ടറി കടന്ന് സിക്‌സറാവുകയുമായിരുന്നു.
കൂട്ടിയിടി അല്‍പം അപകടകരവുമായിരുന്നു. ആസിഫിന്റെ കൈമുട്ടില്‍ തലയിടിച്ച ഷദാബ് ഖാന് ചികിത്സ നല്‍കേണ്ടതായും വന്നിരുന്നു.
ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക 170 റണ്‍സായിരുന്നു സ്വന്തമാക്കിയത്. ഒരുഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 58 റണ്‍സ് എന്ന നിലയില്‍ കൂപ്പുകുത്തിയ ലങ്കയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത് രജപക്സെയായിരുന്നു.