ചെന്നൈ: തമിഴ്‌നാട്ടിലെ കുപ്പം താലൂക്കിലെ ഗെമ്മന്‍കുപ്പം കാളിയമ്മന്‍ കോവിലിലെ ക്ഷേത്രം തകര്‍ത്ത് കൈക്കലാക്കിയ വിഗ്രഹം റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ജാതി ഹിന്ദുക്കള്‍ കൈമാറിയതായി ‘ദി ഹിന്ദു’ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വിളിച്ച് ചേര്‍ത്ത സമാധാന യോഗത്തിലാണ് വിഗ്രഹം കൈമാറാന്‍ തീരുമാനമായത്.
കഴിഞ്ഞ ആഴ്ചയാണ് ഗെമ്മന്‍കുപ്പം കാളിയമ്മന്‍ ക്ഷേത്രത്തിലെ ആടി മാസ ഉത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തെ തുടര്‍ന്ന് ഒരുക്കൂട്ടം മേല്‍ ജാതി ഹിന്ദുക്കള്‍ ക്ഷേത്രം അക്രമിക്കുന്നത്. ക്ഷേത്രം ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്ത ഇവര്‍ വിഗ്രഹം കൈക്കലാക്കുകയായിരുന്നു.
ക്ഷേത്രത്തിലെ ഉത്സവത്തില്‍ ദളിതരെ പങ്കെടുപ്പിക്കില്ലെന്ന മേല്‍ജാതിക്കാരുടെ തീരുമാനത്തെ ദളിതര്‍ എതിര്‍ത്തതോടെയാണ് അക്രമം ഉടലെടുക്കുന്നത്.
കെമ്മന്‍കുപ്പം ഗ്രാമത്തിലെ 50 ശതമാനത്തോളം വരുന്ന ദളിത് വിഭാഗങ്ങള്‍ കാളിയമ്മന്‍ കോവിലിലെ ദൈവത്തെ വര്‍ഷങ്ങളായി ആരാധിച്ചു വരുന്നവരാണ്. എന്നാല്‍ കുറച്ച് കാലങ്ങളായി ക്ഷേത്രത്തിന്റെ ഭരണം കൈക്കലാക്കിയ മേല്‍ ജാതി ഹിന്ദുക്കള്‍ ദളിതരെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ നിന്ന് മനപ്പൂര്‍വ്വം മാറ്റി നിര്‍ത്തി.
ഗ്രാമത്തിലെ പൊതു ഇടങ്ങളില്‍ നിന്ന് മാറി പുറമ്പോക്ക് മേഖലയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ആദ്യം വിഗ്രഹം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് പ്രദേശത്തെ മേല്‍ജാതി ഹിന്ദുക്കളുടെ വലിയ സംഭാവനയോടെ ക്ഷേത്രം പുതുക്കി പണിതതോടെ ദളിതര്‍ക്ക് ക്ഷേത്രത്തിന് മേലുള്ള അവകാശം നഷ്ടപ്പെടുകയായിരുന്നു.
‘തമിഴ് മാസമായ ആടിയിലെ മൂന്നാമത്തെ വെള്ളിയാഴ്ചയാണ് സാധാരണയായി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നത്. എന്നാല്‍ ഇത്തവണ മേല്‍ജാതി ഹിന്ദുക്കളിലൊരാളും ജോത്സ്യനുമായ ലോകനാഥന്‍, കാളിയമ്മന്‍ തന്റെ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട് ദളിതരെ ഉത്സവത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പറഞ്ഞെന്ന് അവകാശവാദം ഉന്നയിച്ചു.
ഇതോടെയാണ് ഞങ്ങളെ ഉത്സവത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. കൂടാതെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തെരുവുകളില്‍ ഘോഷയാത്ര നടത്താന്‍ പോലും മേല്‍ജാതി ഹിന്ദുക്കള്‍ വിസമ്മതിച്ചിരുന്നു,’ ഗ്രാമവാസികളിലൊരാളായ പ്രവീണ്‍ പറഞ്ഞു.
എന്നാല്‍ ദളിതരെ ഒഴിവാക്കാനുള്ള മേല്‍ ജാതി ഹിന്ദുക്കളുടെ തീരുമാനത്തെ എതിര്‍ത്ത് ദളിത് വിഭാഗം അന്നേ ദിവസം ക്ഷേത്രത്തില്‍ പ്രവേശിച്ച് പൊങ്കല്‍ പാകം ചെയ്തു. ഇതില്‍ പ്രകോപിതരായി മേല്‍ ജാതി ഹിന്ദുക്കള്‍ പരിപാടി ബഹിഷ്‌കരിച്ചിരുന്നു. തുടര്‍ന്നാണ് ക്ഷേത്രം അക്രമിക്കപ്പെട്ടത്.
ദളിതരെ ഉത്സവത്തില്‍ പങ്കെടുപ്പിക്കാത്ത സംഭവത്തില്‍ പട്ടിക ജാതി/പട്ടിക വിഭാഗ(അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം മേല്‍ ജാതി ഹിന്ദു വിഭാഗത്തിലെ ഒരാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട് . കലക്ടറുടെ നേതൃത്ത്വത്തില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് നടപടി. എന്നാല്‍ ക്ഷേത്രം തകര്‍ത്ത് വിഗ്രഹം കൈക്കലാക്കിയവരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
Content Highlight: The Caste Hindus vandalized the temple and handed over the idol of Kaliamman temple to the authority