| Thursday, 15th December 2022, 8:52 am

ലഹരി വിരുദ്ധ പരിപാടിയില്‍ മദ്യപിച്ചെത്തിയ അധ്യാപകന്റെ സസ്‌പെന്‍ഷന് പിന്നാലെ പ്രധാനാധ്യാപകന്റെ ആത്മഹത്യാശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: സ്‌കൂളിലെ ലഹരി വിരുദ്ധ പരിപാടിയില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തെത്തുടര്‍ന്ന് പ്രധാനാധ്യാപകന്‍ ആത്മഹത്യക്ക് ശ്രമിച്ചു.

വാഗമണ്‍ കോട്ടമല ഗവ എല്‍.പി സ്‌കൂളിലെ പ്രധാന അധ്യാപകനായ ഏലപ്പാറ സ്വദേശി പി. രാമകൃഷ്ണനാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

അധ്യാപകന്‍ മദ്യപിച്ചെത്തിയ സംഭവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും സമ്മര്‍ദ്ദങ്ങളും താങ്ങാനാവാത്തതാണ് സ്‌കൂളിലെ പ്രധാനാധ്യപകനായ രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് വിവരം. ഇദ്ദേഹമിപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

മദ്യപിച്ചെത്തിയ അധ്യാപകന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് ഒരു വിഭാഗവും ശിക്ഷാ നടപടി വേണമെന്ന് മറ്റൊരു വിഭാഗവും പ്രധാനാധ്യാപകന്‍നുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി പ്രധാനാധ്യാപകന്റെ ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ നവംബര്‍ പതിനാലിന് വാഗമണ്‍ കോട്ടമല ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിയില്‍ മദ്യപിച്ചെത്തിയതിനാണ് അധ്യാപകന്‍ വിനോദിനെ സസ്‌പെന്‍ഡ് ചെയ്തത്.

വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറാണ് അധ്യാപകനെതിരെ നടപടി എടുത്തത്. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയാണ് വിനോദ്.

അധ്യാപകന്റേത് തികഞ്ഞ അച്ചടക്ക ലംഘനമാണെന്നും വിദ്യാഭ്യാസ മേഖലയ്ക്ക് ഇത് അവമതിപ്പ് ഉണ്ടാക്കി എന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. പൊലീസിന്റെ എഫ്.ഐ.ആറും പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണ റിപ്പോര്‍ട്ടും പരിഗണിച്ചാണ് ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറുടെ നടപടി.

മദ്യപിച്ചെത്തിയ അധ്യാപകന്‍ പരിപാടിക്കിടെ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

ഇതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും അധ്യാപകനെ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയുമായിരുന്നു. പരിശോധനയില്‍ അധ്യാപകന്‍ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.

എന്നാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പൊലീസിന്റെ എഫ്.ഐ.ആറും നല്‍കിയിട്ടും അധ്യാപകനെതിരെ അധികാരികള്‍ നടപടി എടുക്കാന്‍ വൈകിയത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

Content Highlight: The case of suspension of a drunken teacher during anti drug campaign; The headmaster attempted suicide

Latest Stories

We use cookies to give you the best possible experience. Learn more