മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കരുവാരക്കുണ്ട് സ്വദേശി ജെറിനെയാണ് വനം വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് കരുവാരക്കുണ്ട് പൊലീസ് ജെറിനെ അറസ്റ്റ് ചെയ്തത്.
ഒരു പ്രദേശത്തെ ആളുകളെ മുഴുവന്‍ പരിഭ്രാന്തരാക്കുകയും ആശങ്ക പരത്തുന്ന രീതിയില്‍ വീഡിയോ പ്രചരിപ്പിക്കുക, സര്‍ക്കാര്‍ സംവിധാനത്തെ തെറ്റിധരിപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് ജെറിനെതിരെ ചുമത്തിയിരിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുത്തതിന് ശേഷം ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടെ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.
ജെറിന്‍ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും കടുവയെ പിടികൂടാന്‍ കൂട് വെക്കുകയുമടക്കമുള്ള കാര്യങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍ പ്രാഥമിക പരിശോധയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വിശദമായ ചോദ്യം ചെയ്യലിന് പിന്നാലെ പഴയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് വീഡിയോ ഉണ്ടാക്കുകയായിരുന്നുവെന്ന് ജെറിന്‍ വനംവകുപ്പിനോട് സമ്മതിക്കുകയായിരുന്നു.
കരുവാരക്കുണ്ടില്‍ കടുവയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വീഡിയോ വ്യാജമെന്ന് വനംവകുപ്പ് കണ്ടെത്തിയതിന് പിന്നാലെ യുവാവിനെതിരെ വനംവകുപ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാട്ടുകാരെ ആശങ്കപ്പെടുത്തിയതിനും വനംവകുപ്പിനെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് വനം വകുപ്പ് പരാതിയില്‍ ആവശ്യപ്പെട്ടു.
ഇന്നലെ (ബുധനാഴ്ച) രാവിലെയാണ് പുതിയതെന്ന തരത്തില്‍ മൂന്ന് വര്‍ഷം മുമ്പുള്ള യൂട്യൂബ് വീഡിയോ ജെറിന്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്. പിന്നാലെ വിഷയം ചര്‍ച്ചയാവുകയും മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
തോട്ടത്തിലേക്ക് പോവുമ്പോള്‍ റോഡിന്റെ സൈഡില്‍ കടുവയെ കണ്ടുവെന്നും വാഹനത്തിലിരുന്നു കൊണ്ടാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നുമായിരുന്നു ജെറിന്റെ വാദം. പിന്നാലെ വനം വകുപ്പ് കടുവയെ കണ്ടുവെന്ന സ്ഥലത്ത് പോയി അന്വേഷിക്കുകയും പരിശോധന നടത്തുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് കടുവയുടെ കാല്‍പ്പാടോ മറ്റോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സമീപത്തെ സി.സി.ടി.വി ദൃശ്യത്തിലും കടുവയുടെ ദൃശ്യം ഉണ്ടായിരുന്നില്ല.
Content Highlight: The case of spreading a fake image of a tiger; The youth was arrested