പയ്യന്നൂർ: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന കേസിൽ അംഗനവാടി ടീച്ചറെ വിചാരണയില്ലാതെ തന്നെ കുറ്റവിമുക്തയാക്കി പയ്യന്നൂർ കോടതി. പയ്യന്നൂർ കാര അംഗനവാടി ടീച്ചറായിരുന്ന അന്നൂർ സ്വദേശിയായ കെ.സി സ്മിതയാണ് കുറ്റവിമുക്തയായിരിക്കുന്നത്. പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വി. ഷീജയാണ് സ്മിതയെ കുറ്റവിമുക്തയാക്കിയത്.
കേസിനാസ്പദമായ സംഭവം നടന്നത് 2021 ജനുവരി 26 റിപ്പബ്ലിക് ദിനത്തിലായിരുന്നു. അംഗനവാടിക്ക് മുൻവശം കെട്ടിയ ദേശീയ പതാക സൂര്യാസ്തമയത്തിനു ശേഷം അഴിച്ച് മാറ്റാതെ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന് കാണിച്ച് പയ്യന്നൂർ പൊലീസ് ചാർജ് ചെയ്ത കേസാണിത്.
എന്നാൽ സൂര്യാസ്തമയത്തിന് ശേഷം പതാക അഴിച്ചുവെക്കണം എന്നൊരു നിയമം ഇല്ലെന്നും ഇത് സർക്കാർ ഉത്തരവ് മാത്രമാണെന്നും ചൂണ്ടിക്കാട്ടി വിചാരണ കോടതി കേസ് തള്ളുകയായിരുന്നു. നേരത്തെയുണ്ടായിരുന്ന സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികൾ ഉദ്ധരിച്ചുകൊണ്ടാണ് സംഭവത്തിൽ ആരോപണവിധേയയായ സ്മിത കുറ്റക്കാരിയല്ലെന്നും വിചാരണ നേരിടേണ്ടെന്നും കോടതി ഉത്തരവിട്ടത്. ആരോപണവിധേയക്ക് വേണ്ടി അഡ്വക്കേറ്റ് ഡി.കെ. ഗോപിനാഥ്, അഡ്വക്കേറ്റ് പി.വി ഷിജു എന്നിവരാണ് കോടതിയിൽ ഹാജരായത്.
ഇന്ത്യൻ പതാകനിയമത്തിലാണ് ഇന്ത്യയുടെ ദേശീയപതാക ഉപയോഗിക്കുന്നതു സംബന്ധിച്ച നിയമങ്ങൾ ഉൾക്കൊള്ളുന്നത് . പിംഗലി വെങ്കയ്യ ആണ് ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്തത്. പതാക ഖാദി കൊണ്ട് മാത്രമേ നിർമ്മിക്കാവൂ എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങൾ അനുശാസിക്കുന്നുണ്ട്. പതാകയുടെ പ്രദർശനവും ഉപയോഗവും ഇന്ത്യൻ പതാക നിയമം ഉപയോഗിച്ച് കർശനമായി നടപ്പാക്കപ്പെടുന്നു. പതാക ഉയർത്തുന്നതിനും കെട്ടുന്ന രീതികൾക്കു പോലും ഈ നിയമങ്ങൾ ബാധകമാണെന്ന് നിയമത്തിൽ പറയുന്നു. ഇത് കൃത്യമായി നിർവ്വഹിക്കാതിരിക്കുകയോ പതാകയോട് അനവാദരവ് കാണിക്കുകയോ ചെയ്‌താൽ തക്കതായ ശിക്ഷ ലഭിക്കുന്നതാണ്.
ദേശീയപതാകയെ അപമാനിക്കുന്നവർക്ക് ശിക്ഷയായി മൂന്നു വർഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുന്നതാണ്.
Content Highlight: The case of insulting the national flag; teacher acquitted