കൊച്ചി: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയെ അപമാനിച്ച കേസില്‍ നടന്‍ വിനായകന്റെ ഫോണ്‍ പിടിച്ചെടുത്ത് പൊലീസ്. കലൂരിലെ ഫ്‌ളാറ്റിലെത്തി നടനെ ചോദ്യം ചെയ്തതിന് ശേഷം എറണാകുളം നോര്‍ത്ത് പൊലീസ് ഫോണ്‍ പിടിച്ചെടുക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സി.ഐ. പ്രതാപ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിനായകന്റെ ഫ്‌ളാറ്റിലെത്തി ഫോണ്‍ പിടിച്ചെടുത്തത്. ഏത് സമയവും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി.ആര്‍.പി.സി 41 പ്രകാരമുള്ള നോട്ടീസും വിനായകന് പൊലീസ് നല്‍കിയിട്ടുണ്ട്.
അതേസമയം പെട്ടെന്നുള്ള പ്രകോപനത്തിലാണ് എഫ്.ബി ലൈവ് ചെയ്തതെന്ന് വിനായകന്‍ പൊലീസിനോട് പറഞ്ഞുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. തന്റെ വീട് ആക്രമിച്ച കോണ്‍ഗ്രസുകാര്‍ക്കെതിരെയുള്ള പരാതി പിന്‍വലിക്കുകയാണെന്നും വിനായകന്‍ പൊലീസിനെ അറിയിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ മോശം പ്രതികരണം നടത്തിയതിന് പിന്നാലെ വീടിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിക്ക് ജയ് വിളിച്ച് കൊണ്ട് ഫ്ളാറ്റിനുള്ളിലേക്ക് കടന്നുചെന്ന് ജനല്‍ ചില്ല് തല്ലിത്തകര്‍ക്കുകയും വാതില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് പിന്നാലെ വിനായകന്‍ ഫേസ്ബുക്ക് ലൈവില്‍ വന്ന് നടത്തിയ പരാമര്‍ശങ്ങളാണ് കേസിനാസ്പദം. ഉമ്മന്‍ ചാണ്ടി ചത്തു, അതിന് എന്തിനാണ് മൂന്ന് ദിവസം അവധിയെന്നായിരുന്നു വിനായകന്‍ ഫേസ്ബുക്ക് ലൈവിലൂടെ ചോദിച്ചത്.