പത്തനംതിട്ട: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരാനെന്ന് കോടതി. രാജപാളയം സ്വദേശി അലക്‌സ് പാണ്ഡ്യന്‍ കുറ്റക്കാരനെന്നാണ് കോടതി കണ്ടെത്തിയത്. പത്തനംതിട്ട സെഷന്‍സ് കോടതിയുടേതാണ് വിധി. ശിക്ഷാവിധി വ്യാഴാഴ്ച പ്രഖ്യാപിക്കും.
പ്രതി കൊലപാതകവും ലൈംഗിക പീഡനവും നടത്തിയെന്നും കുറ്റക്കാരനാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
ശിക്ഷാവിധിക്ക് മേലുള്ള വാദവും ശിക്ഷാ വിധിയും നവംബര്‍ ഏഴ് (വ്യാഴാഴ്ച) നടക്കുമെന്നും കോടതി അറിയിച്ചു.
കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ അമ്മയുമായി ബന്ധമുള്ള ആളായിരുന്നു പ്രതി അലക്‌സ് പാണ്ഡ്യന്‍. അഞ്ച് മാസത്തോളം പ്രതി കുട്ടിയെ ഉപദ്രവിച്ചു എന്നുള്ളതായിരുന്നു കേസ്.
പ്രതിക്ക് കുട്ടിയുടെ അമ്മയുമായി ബന്ധമുണ്ടായിരിക്കെ കുട്ടിയെയും കൂടെ ഒരുമിച്ച് കൊണ്ടുവന്നതിനെ തുടര്‍ന്ന് പ്രതി കുട്ടിയെ അഞ്ച് മാസത്തോളം ഉപദ്രവിക്കുകയായിരുന്നു.
സ്പൂണുകൊണ്ടും കത്തികൊണ്ടുമുള്‍പ്പെടെ ഉണ്ടാക്കിയ 66ലധികംമുറിവുകളായിരുന്നു കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാഹചര്യ തെളിവുകളടക്കം പ്രതിക്ക് എതിരായിരുന്നു.
2021 ഏപ്രില്‍ 25നാണ് കൊലപാതകം നടക്കുന്നത് അന്നുതന്നെ പ്രതിയെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.
പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറടക്കം കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തലയ്ക്കും വയറിനുമേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്നാണ് കുട്ടി മരണപ്പെടുന്നതെന്നായിരുന്നു മൊഴി.
പ്രതി കുട്ടിയെ തല പിടിച്ച് ചുമരിലിടിക്കുക തുടങ്ങിയ നിരവധി ഉപദ്രവങ്ങള്‍ ഏല്‍പ്പിച്ചതിന്റെ ഫലമായാണ് കുട്ടി കൊല്ലപ്പെടുന്നത്.
പ്രതി അറസ്റ്റ് ചെയ്ത അന്ന് തന്നെ കസ്റ്റഡിയില്‍ നിന്നും ചാടി പോവുകയും പിന്നാലെ നാട്ടുകാര്‍ പിടിക്കുകയുമായിരുന്നു. പിന്നാലെ ജയിലില്‍ കഴിയുമ്പോള്‍ തന്നെ ആത്മഹത്യാ ശ്രമവും പ്രതി നടത്തിയിരുന്നു.
Content Highlight: The case of five-year-old girl being raped and killed; The court found the accused guilty