|

അജിത് ഡോവലിന്റെ മകന്‍ നല്‍കിയ അപകീര്‍ത്തിക്കേസ്; ദ കാരവന്‍ മാഗസിന്‍ എഡിറ്റര്‍ക്കും മാധ്യമപ്രവര്‍ത്തകനും ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ മകന്‍ വിവേക് ദോവല്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ ദ കാരവന്‍ എഡിറ്റര്‍ പരേഷ് നാഥിനും മാധ്യപ്രവര്‍ത്തകന്‍ കൗശല്‍ ഷ്രോഫിനും ജാമ്യം. 20,000 രൂപ വീതം കെട്ടി വെച്ചതിനെത്തുടര്‍ന്നാണ് ജാമ്യം ലഭിച്ചതെന്ന് ബാര്‍ ആന്റ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവരെക്കൂടാതെ കോണ്‍ഗ്രസ് എം.പി ജയ്റാം രമേശിനെതിരേയും വിവേക് അപകീര്‍ത്തിക്കേസ് നല്‍കിയിരുന്നു. രമേശിന് കോടതിയില്‍ നേരിട്ട് ഹാജരാവേണ്ടതില്ലെന്നും കോടതി ഇന്ന് പറഞ്ഞു. മെയ് 9നായിരുന്നു രമേശിനോട് കോടതിയില്‍ ഹാജരാവാന്‍ പറഞ്ഞത്.

ഡി-കമ്പനീസ് എന്ന പേരില്‍ ജനുവരി 16ന് കാരവന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കെമാന്‍ ദ്വീപ് പോലുള്ള നികുതിരഹിത രാജ്യങ്ങളില്‍ വിവേക് ദോവലിന് ദുരൂഹമായ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ തന്നെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് വിവേക് ദല്‍ഹിയിലെ പട്യാല ഹൗസ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ദോവലിനെതിരായ റിപ്പോര്‍ട്ട് പ്രഥമ ദൃഷ്ട്യാ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന നിഗമനത്തിലെത്തിയ കോടതി, മാഗസിനുമായി ബന്ധപ്പെട്ട രണ്ടു പേരോടും മാര്‍ച്ച് രണ്ടിന് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു.

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത കൗശല്‍ ഷ്രോഫ്, മാഗസിന്റെ ചീഫ് എഡിറ്റര്‍ പരേഷ് നാഥ്, ജയ്റാം രമേഷ് എന്നിവര്‍ അജിത് ദോവലുമായുള്ള പ്രശ്നങ്ങളുടെ പേരില്‍ തന്നെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്ന് വിവേക് ഹരജിയില്‍ പറഞ്ഞിരുന്നു.

വിവിധ വ്യാപാര രേഖള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ കാരവന്‍ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 500 ന്റെയും 1000 ത്തിന്റെയും കറന്‍സി നോട്ടുകള്‍ നിരോധിച്ച് 13 ദിവസത്തിനുള്ളിലാണ് വിവേക് ദോവലിന്റെ ഉടമസ്ഥതയിലുള്ള ഹെഡ്ജ് കമ്പനി സ്ഥാപിക്കുന്നത് എന്ന് കണ്ടെത്തിയിരുന്നു.

കാരവന്റെ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ വിവേക് ദോയലിന്റെ ഹെഡ്ജ് ഫണ്ടിനെക്കുറിച്ച് ആര്‍.ബി.ഐ അന്വഷണം നടത്തണമെന്ന് ജയ്റാം രമേഷ് ആവശ്യപ്പെട്ടിരുന്നു.

Latest Stories

Video Stories