| Thursday, 11th August 2022, 8:56 am

'തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ'; ന്നാ താന്‍ കേസ് കൊട് പോസ്റ്ററിലെ ക്യാപ്ഷന്‍; വിവാദം, വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ചാക്കോ ബോബന്റെ ന്നാ താന്‍ കേസ് കൊട് എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററിലെ ക്യാപ്ഷന്‍ വിവാദത്തില്‍. വ്യാഴാഴ്ച ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് പുറത്ത് വന്ന പോസ്റ്ററിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്.

‘തിയേറ്റുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്നാണ് പോസ്റ്ററിലെ ക്യാപ്ഷന്‍. ഇതിനെതിരെയാണ് ഇടത് പ്രൊഫൈലുകളില്‍ നിന്നും വിമര്‍ശനമുയരുന്നത്.

‘മഴയല്ലേ, ഞങ്ങടെ നാട്ടിലൊക്കെ കുഴിയും ഉണ്ട്. എന്നാപ്പിന്നെ റോഡ് നന്നാക്കിയിട്ട് വീട്ടില്‍ ഇരുന്നു ഒ.ടി.ടിയില്‍ കണ്ടാലോ ചാക്കോച്ഛന്റെ പടം,’ എന്നാണ് മുഹമ്മദ് ഷാഫി എഴുതിയത്.

‘ഈ സിനിമ പ്രദര്‍ശിപ്പിക്കുന്ന ഇത്രയും തിയേറ്ററുകളില്‍ എത്രയിടത്തേക്കുള്ള വഴികളിലാണ് കുഴികള്‍ ഉള്ളത്? കാടടച്ചു വെടിവെയ്ക്കാതെ അതുകൂടി പിന്നണിക്കാര്‍ വ്യക്തമാക്കണം. സിനിമയുടെ പ്രചരണത്തിന് കഥയുമായി ബന്ധപ്പെടുത്തി ഉണ്ടാക്കിയ വെറുമൊരു പരസ്യമാണ് ഇതെന്നറിയാം. എങ്കിലും പൊതുബോധം സൃഷ്ടിക്കുന്നതില്‍ ഇതിനുള്ള പങ്ക് വളരെ വലുതാണ്. അതുകൊണ്ട് പറഞ്ഞു എന്നേയുള്ളൂ,’ ടി.സി. രാജേഷ് സിന്ധു കുറിച്ചു.

‘ബിരിയാണിച്ചെമ്പില്‍ പിണറായി സ്വര്‍ണം കടത്തി എന്നപോലെ, സി.പി.ഐ.എം. തീരുമാനിച്ചിട്ട് എല്ലാ പെണ്‍കുട്ടികളെയും പാന്റിടീക്കുന്നു എന്നപോലെ, സില്‍വര്‍ലൈന്‍ എന്നാല്‍ റെയില്‍വേ അറിയാതെ എല്‍.ഡി.എഫ് നടത്തും പരിപാടിയാണെന്ന പോലെ, കൃത്യമായ ലക്ഷ്യങ്ങളോടെ, വൃത്തിയായി കാര്യങ്ങള്‍ ചെയ്യാന്‍ നോക്കുന്നവരെ അധിക്ഷേപിക്കാന്‍ ചിലര്‍ കഥയെഴുതി, വേറെ ചിലര്‍ സംവിധാനം ചെയ്ത്, മാപ്രകള്‍ വിതരണം നടത്തുന്ന ജനവിരുദ്ധ ക്യാമ്പയിനാണ് കേരളം മുഴുവന്‍ റോട്ടില്‍ കുഴികളാണെന്നത്.

ഇങ്ങനെയൊരു പരസ്യവാചകമെഴുതുന്നതിലൂടെ ഞങ്ങളും ആ ജനവിരുദ്ധമുന്നണിയിലാണെന്ന് ഉളുപ്പില്ലാതെ പറയുകയാണ് ഈ സിനിമാവിതരണക്കാര്‍. വഴിയില്‍ കുഴിയുണ്ട് എന്നുറപ്പാണല്ലേ;
ചിലയിടത്ത് ഉണ്ടാവാം എന്ന് പോലുമല്ലല്ലോ. ഇന്ന് തന്നെ ഈ പടം കാണാന്‍ തീരുമാനിച്ചിരുന്നതാണ്;
ഇന്നിനി കാണുന്നില്ലെന്ന് വെച്ചു. ഇനിയെന്തായാലും എത്ര കുഴിയുണ്ടെന്നറിഞ്ഞിട്ടാവാം. ആര്‍ക്കും വന്ന് കൊട്ടാനുള്ള ചെണ്ടയാവരുത് ജനങ്ങള്‍ തെരഞ്ഞെടുത്തൊരു ജനകീയ സര്‍ക്കാര്‍,’ പ്രേം കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

അങ്കമാലിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചതിന് പിന്നാലെ ദേശീയ പാതയിലെ കുഴികള്‍ സമീപകാലത്ത് വലിയ ചര്‍ച്ചയായിരുന്നു. വിഷയത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള പോര് രൂക്ഷമാകവേയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ പോസ്റ്ററില്‍ റോഡിലെ കുഴിയെ പറ്റിയുള്ള പരാമര്‍ശമുണ്ടായത്.

കനകം, കാമിനി, കലഹം എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. നിയമ പ്രശ്‌നങ്ങള്‍ ചുറ്റിപ്പറ്റി കോടതിയില്‍ ഒരു കള്ളനും മന്ത്രിയും തമ്മില്‍ നടക്കുന്ന കോടതി വിചാരണയുടെ കഥ ആക്ഷേപഹാസ്യ ശൈലിയില്‍ ഒരുക്കിയിരിക്കുകയാണ് ചിത്രം.

തമിഴ് താരം ഗായത്രി ശങ്കര്‍ നായികയാവുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ്, ഉണ്ണിമായ, രാജേഷ് മാധവന്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.ടി.കെ. ഫ്രെയിംസ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ സന്തോഷ്. ടി. കുരുവിളയും കുഞ്ചാക്കോ ബോബനും ഷെറിന്‍ റേച്ചല്‍ സന്തോഷും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: The caption on the poster of the film Nna Than case Kodu is in controversy

We use cookies to give you the best possible experience. Learn more