ലണ്ടന്‍: ചെങ്കടലില്‍ ആക്രമണം തുടര്‍ന്നാല്‍ ഹൂത്തി വിമതര്‍ക്കെതിരെ അന്താരാഷ്ട്ര നടപടി സ്വീകരിക്കുമെന്ന് ബ്രിട്ടന്‍. ഹൂത്തികളുടെ ആക്രമണങ്ങള്‍ക്ക് നേരെ നടപടിയെടുക്കുന്നത് ഇസ്രഈല്‍-ഫലസ്തീന്‍ വിഷയവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.
ആക്രമണങ്ങളില്‍ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി ഡേവിഡ് കാമറൂണ്‍ നല്‍കിയിട്ടില്ല. ചെങ്കടലിലെ ആക്രമണങ്ങള്‍ നിയമവിരുദ്ധമാണെന്നും നിലവിലെ പ്രശ്‌നങ്ങള്‍ സമുദ്രവ്യാപാര പാതയിലെ സ്വതന്ത്രമായ നീക്കത്തെ ബാധിക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.
കൂടാതെ ഹൂത്തികളുടെ നടപടികള്‍ ചരക്ക് കൊണ്ടുപോകുന്നതിനുള്ള വാണിജ്യ കപ്പലുകളുടെ സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാണെന്നും ഡേവിഡ് കാമറൂണ്‍ പറഞ്ഞു.
തുടര്‍ച്ചയായി നിയമവിരുദ്ധവും അസ്വീകാര്യവുമായ രീതിയില്‍ വാണിജ്യ കപ്പലുകള്‍ ആക്രമണത്തിനിരയായാല്‍ അത് ലോക സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്നും ഈ ആക്രമണങ്ങള്‍ അതിവേഗത്തില്‍ അവസാനിപ്പിക്കേണ്ടത് പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണെന്നും കാമറൂണ്‍ ചൂണ്ടിക്കാട്ടി.
ചെങ്കടലില്‍ ഹൂത്തികള്‍ ആക്രമണങ്ങള്‍ തുടരുന്നപക്ഷം അതിനെതിരെ വലിയ പ്രത്യാക്രമണങ്ങള്‍ ഉണ്ടാകുമെന്ന് അമേരിക്കയും അറിയിച്ചിരുന്നു. നിയമവിരുദ്ധമായി കപ്പലുകള്‍ ആക്രമിക്കരുതെന്നും കപ്പലുകളില്‍ നിന്ന് തടവിലാക്കുന്ന ജീവനക്കാരെ വിട്ടയക്കണമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
അതേസമയം അമേരിക്ക എത്ര സുരക്ഷ ഒരുക്കിയാലും ഇസ്രഈലിന്റെ കപ്പലുകള്‍ ചെങ്കടലില്‍ തടയുമെന്ന് ഔദ്യോഗികമായി യെമന്‍ അറിയിച്ചിരുന്നു. നിലവില്‍ ചെങ്കടലിലൂടെ ഇസ്രഈലിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിനെ സൈന്യം പിന്തുടരുന്നതായി യെമന്‍ വക്താവ് ചൂണ്ടിക്കാട്ടിയിരുന്നു.
ബുധനാഴ്ച ചെങ്കടലില്‍ ഒരു വ്യാപാര കപ്പലിന് നേരെ ആക്രമണം നടന്നിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ഹൂത്തികള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കൂടാതെ യെമന്‍ സായുധ സേന സി.എം.എ സി.ജി.എം ടാഗ് എന്ന കപ്പലിനെ ലക്ഷ്യമിട്ട് ഒരു ഓപ്പറേഷന്‍ നടത്തിയതായും ഹൂത്തികള്‍ എക്‌സില്‍ കുറിച്ചു. എന്നാല്‍ കപ്പലിന് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Content Highlight: The British will take international action if the Houthis continue to attack