വൈദ്യുതി വാങ്ങുന്നതിന് സംസ്ഥാനങ്ങള്‍ ഭരിക്കുന്നവര്‍ക്ക് കിട്ടുന്ന കൈക്കൂലിയുടെ നടപ്പ് റേറ്റ് എത്രയാണ് ? ഒരു മെഗാ വാട്ടിന് 25 ലക്ഷം രൂപ. എന്ന് പറഞ്ഞാല്‍ ഒരു ജിഗാ വാട്ടിന് ഇരുന്നൂറ്റമ്പത് കോടി. ഈ കണക്ക് അമേരിക്കയില്‍ എഫ്.ബി.ഐയും എസ്.ഇ.സിയും ചേര്‍ന്ന് തെളിവുകളോടെ കോടതിയില്‍ സമര്‍പ്പിച്ചു കുറ്റ പത്രത്തിലുള്ളതാണ്.
ഏഴ് ജിഗാ വാട്ട് വൈദ്യതി കരാര്‍ ഒപ്പിട്ടതിന് ജഗന്‍ മോഹന്‍ റെഡ്ഢിക്ക് കിട്ടിയത് 1750 കോടിയാണ്. ഇതേ അനുപാതത്തിലാണ് ഒഡിഷ, തമിഴ്‌നാട്, ഛത്തീസ്ഗഢ്, ജമ്മുകശ്മീര്‍ രാഷ്ട്രീയക്കാര്‍ക്കും കിട്ടിയത്. പ്രതിപക്ഷം ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇതാണ് റേറ്റ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വേറെ ഡീലാണ്.
ആ നിലക്ക് 500 മെഗാവാട്ടിന്റെ കരാര്‍ ഒപ്പിട്ട പിണറായിക്ക് നൂറ്റിരുപത്തഞ്ച് കോടി കിട്ടേണ്ടതല്ലേ, പക്ഷെ കിട്ടിയില്ല. ഇത് കേരളത്തോടുള്ള അവഗണയല്ലേ, നമുക്ക് പരിശോധിക്കാം.
ആദ്യം, ഒരു മെഗാവാട്ടിന് 25 ലക്ഷം എന്ന കണക്ക് എവിടെ നിന്ന് വരുന്നു എന്ന് നോക്കാം. ഈ കണക്ക് അമേരിക്കയില്‍ എഫ്.ബി.ഐയും എസ്.ഇ.സിയും ചേര്‍ന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റ പത്രത്തിലുള്ളതാണ്. കുറ്റപത്രത്തില്‍ വെറുതെ പറഞ്ഞു പോകുന്നതല്ല, വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ഒട്ടേറെ തെളിവുകള്‍ സഹിതം സമര്‍പ്പിച്ച കുറ്റപത്രമാണ്.
സാഗര്‍ അദാനിയുടെ കയ്യില്‍ നിന്ന് എഫ്.ബി.ഐ നേരിട്ട് പിടിച്ചെടുത്ത മൊബൈലിലും ലാപ്ടോപ്പിലുമുള്ള ഫയലുകളിലും, സാക്ഷാല്‍ ഗൗതം അദാനിയുടെ ഇമെയിലില്‍ നിന്നുമുള്ള കണക്കുകളാണ്, കൂടാതെ മാപ്പുസാക്ഷികളായ കമ്പനി ഉദ്യോഗസ്ഥര്‍ കൊടുത്ത മൊഴികളും, ടെലിഫോണ്‍ രേഖകളുമൊക്കെയുണ്ട്. വിശദമായി കഴിഞ്ഞ അധ്യായത്തില്‍ പറഞ്ഞിട്ടുമുണ്ട്. അത് കൊണ്ട് വിശദമാക്കുന്നില്ല.
അക്കൂട്ടത്തിലുള്ള ഒരു ഫയലിലാണ് ‘ബ്രെയ്ബ് നോട്ട്’ അഥവാ കൈക്കൂലി കണക്ക് എന്ന ഭാഗമുള്ളത്. സംഗതി അദാനി വിവിധ സംസ്ഥാനങ്ങളില്‍ ഓടി നടന്നു കൈക്കൂലി വിതരണം ചെയ്തതിന്റെ കണക്കാണ്, ഓരോ മെഗാവാട്ടിനും ഇത്ര എന്ന നിരക്കില്‍. അതില്‍ പ്രധാനപ്പെട്ടതാണ് ആന്ധ്രയിലെ 1750 കോടി കൈക്കൂലിയുടെ കണക്ക്.
ഈ കണക്കിനെ കുറിച്ച് പത്രക്കാര്‍ ജഗന്‍ മോഹന്‍ റെഡ്ഡിയോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെയാണ്:-‘ഞങ്ങള്‍ അദാനിയുമായി ഒരു കരാറിലും ഒപ്പിട്ടിട്ടില്ല, പിന്നെന്തിനാണ് അദാനി ഞങ്ങള്‍ക്ക് കൈക്കൂലി തരുന്നത് ‘
ശരിയല്ലേ എന്ന് നിങ്ങള്‍ക്കും തോന്നുന്നില്ലേ. സത്യമാണ്, ആന്ധ്രപ്രദേശ് അദാനിയുമായി ഒരു കരാറിലും ഒപ്പിട്ടില്ല, സെക്കിയുമായാണ് ഒപ്പിട്ടത്. എന്താണ് സെക്കി എന്നല്ലേ, അത് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഒരു സിന്‍ഡിക്കറ്റ് ആണ്.
പുഷ്പ-2 കണ്ടവര്‍ക്ക് അറിയാമായിരിക്കും, ചന്ദന കൊള്ളക്കാര്‍ ഒക്കെ ചേര്‍ന്ന് ഒരു സംഘടനയുണ്ടാക്കി ചന്ദനം വേണ്ടവര്‍ക്ക് സിന്‍ഡിക്കറ്റ് മുഖേന വിതരണം ചെയ്യുന്നത് പോലെ വൈദ്യുതി കച്ചവടക്കാര്‍ക്കുള്ള ഒരു സിന്‍ഡിക്കറ്റ് ആണ് സെക്കി.
ആകെ വ്യത്യാസം സെക്കി സിന്‍ഡിക്കേറ്റ് നടത്തുന്നത് കേന്ദ്രസര്‍ക്കാര്‍ നേരിട്ടാണെന്നത് മാത്രം.
സംസ്ഥാനങ്ങള്‍ നേരിട്ട് അദാനിയുടെ അടുത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ പാടില്ല, സെക്കിയില്‍ നിന്ന് വാങ്ങണം, സെക്കി അദാനിയുടെ അടുത്ത് നിന്ന് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് തരും. അതാണ് പുതിയ സംവിധാനം. പക്ഷെ സെക്കിക്ക് നേരിട്ട് കൈക്കൂലി കൊടുക്കാനുള്ള സംവിധാനമില്ല, അത് അദാനി കൊടുക്കും. ഇതൊക്കെ അമേരിക്കന്‍ കുറ്റപത്രത്തിലുള്ളതാണ്, പറയുമ്പോള്‍ പറയണമല്ലോ, ഇപ്പറഞ്ഞതൊക്കെ അദാനി നിഷേധിച്ചിട്ടുണ്ട്.
സെക്കിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ അദാനി കൈക്കൂലി കൊടുക്കേണ്ട ആവശ്യമെന്താണ് എന്നതാണ് അടുത്ത ചോദ്യം. അതിന്റെ കഥ ഇങ്ങനെയാണ്. അദാനിയില്‍ നിന്ന് സെക്കി വൈദ്യുതി വാങ്ങണമെങ്കില്‍ സംസ്ഥാനങ്ങള്‍ സെക്കിയില്‍ നിന്ന് വാങ്ങണം. സെക്കിയുടെ വില കൂടുതലായത് കൊണ്ട് സംസ്ഥാനങ്ങള്‍ സെക്കിയില്‍ നിന്ന് വാങ്ങുന്നില്ല, അവര്‍ക്ക് ഇപ്പോള്‍ തന്നെ കുറഞ്ഞ വിലക്ക് വൈദ്യുതി കിട്ടാനുള്ള പല പല കോണ്‍ട്രാക്ടുകള്‍ പലരുമായും ഉണ്ട്.
ആ കോണ്‍ട്രാക്ടക്കെ എങ്ങനെയെങ്കിലും കാന്‍സല്‍ ചെയ്താലേ സൈക്കിക്ക് ഓര്‍ഡര്‍ കിട്ടൂ, സെക്കിക്ക് കിട്ടിയാലേ അദാനിക്ക് കിട്ടൂ, അതിനാണ് അദാനി കൈക്കൂലിയും കൊണ്ട് പരക്കം പായുന്നത് എന്നാണ് അമേരിക്കന്‍ ചാര്‍ജ് ഷീറ്റിലുള്ളത്.
സെക്കി അദാനിയുടെ കമ്പനിയില്‍ നിന്ന് മാത്രമാണോ വൈദ്യുതി വാങ്ങുന്നത്, അല്ല. സെക്കി പുഷ്പ-2ലെ സിന്‍ഡിക്കേറ്റ് പോലെ ഒരു സിന്‍ഡിക്കറ്റ് ആണെന്ന് പറഞ്ഞല്ലോ. പുഷ്പ തൊള്ളായിരം ടണ്‍ ചന്ദനം വില്‍ക്കുമ്പോള്‍ നൂറു ടണ്‍ വില്‍ക്കാന്‍ മറ്റുള്ള കടത്തുകാരെയും സമ്മതിക്കും.
അങ്ങനെയുള്ള ഒരു സിന്‍ഡിക്കേറ്റ് മെമ്പറായിരുന്നു അസൂര്‍. അദാനി ഒരു മെഗാവാട്ടിന് ഇരുപത്തഞ്ചു ലക്ഷം വച്ച് കൈക്കൂലി കൊടുക്കുകയും അങ്ങനെ സെക്കിക്ക് ഓര്‍ഡര്‍ കിട്ടിയപ്പോള്‍ ഓര്‍ഡറിന്റെ ഒരു വിഹിതം അസൂറിന് കിട്ടുകയും ചെയ്തു.
അദാനി അഹമ്മദാബാദില്‍ സിന്‍ഡിക്കേറ്റിന്റെ ഒരു യോഗം വിളിച്ചു എല്ലാ മെമ്പര്‍മാരോടും താന്‍ കൊടുത്ത കൈക്കൂലിയുടെ വിഹിതം തരണമെന്ന് ആവശ്യപ്പെട്ടു. കൈക്കൂലി കൊടുത്തതിന്റെയും അതില്‍ ഓരോരുത്തര്‍ തരേണ്ട വിഹിതത്തിന്റെയും ഒരു പവര്‍ പോയിന്റ് പ്രെസെന്റേഷനും നടത്തി.
അതിന്റെ പി.പി.ടി ഫയല്‍ അമേരിക്കയിലുള്ള മരുമകന്‍ സാഗര്‍ അദാനിക്ക് അയച്ചു കൊടുക്കയും ചെയ്തു. അതാണ് എഫ്.ബി.ഐ ആദ്യം പിടിച്ചത്. അസൂര്‍ ന്യൂയോര്‍ക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയായത് കൊണ്ടും അതിലെ ചില ഉദ്യോഗസ്ഥര്‍ വിസില്‍ ബ്ലോവര്‍മാരായത് കൊണ്ടുമാണ് എഫ്.ബി.ഐ ഈ അന്വേഷണത്തിന് ഇറങ്ങുന്നത് തന്നെ. അതങ്ങനെ നടക്കട്ടെ.
1750 കോടി കൈക്കൂലി കിട്ടിയ ആന്ധ്ര പ്രദേശ് എന്ത് ചെയ്തു. കുറഞ്ഞ വിലക്ക് വൈദ്യുതി കിട്ടുന്ന കോണ്‍ട്രാക്ട് ക്യാന്‍സല്‍ ചെയ്തു കൂടിയ വിലക്ക് സെക്കിക്ക് കൊടുത്തു. സെക്കി അദാനിക്ക് കൊടുത്തു. കൈക്കൂലി ഒന്നും കിട്ടാത്ത കേരളം എന്ത് ചെയ്തു. കുറഞ്ഞ വിലക്ക് വൈദ്യുതി കിട്ടുന്ന കോണ്‍ട്രാക്ട് ക്യാന്‍സല്‍ ചെയ്തു കൂടിയ വിലക്ക് സെക്കിക്ക് കൊടുത്തു. സെക്കി അദാനിക്ക് കൊടുത്തു. ഒരു വ്യത്യാസവുമില്ല
മുസ്‌ലിങ്ങള്‍ക്ക് പലിശ ഹറാമാണ്, അത് കൊണ്ട് തന്നെ മുന്‍കാലത്ത് മുസ്‌ലിങ്ങള്‍ ബാങ്കില്‍ പണമിടാറുണ്ടായിരുന്നില്ല. പിന്നെ പിന്നെ കച്ചവടവും ബിസിനസ്സുമൊക്കെ പുരോഗമിച്ചു വീട്ടില്‍ സൂക്ഷിക്കാനാവാത്തത്ര പണം കയ്യില്‍ വന്നപ്പോള്‍ സ്വാഭാവികയായും ബാങ്കില്‍ പണമിടാതെ പറ്റില്ല എന്ന അവസ്ഥ വന്നു. ബാങ്കുകാര്‍ കണക്കു കൂട്ടി വര്‍ഷാവര്‍ഷം പലിശ അക്കൗണ്ടിലിടും.
മുസ്‌ലിം ഡെപ്പോസിറ്റര്‍മാര്‍ ബാങ്കിലെ ക്ലര്‍ക്കിനോട് ദേഷ്യപ്പെട്ട് ഹറാമായ മുതല്‍ എനിക്കുവേണ്ട നിങ്ങള്‍ തന്നെ വച്ചോ എന്ന് പറയും. അങ്ങനെ കാലങ്ങള്‍ കഴിഞ്ഞപ്പോഴാണ് തങ്ങളുടെ പണം പലിശക്കാരായ ബാങ്ക് മുതലാളിമാര്‍ തിന്നുകയാണല്ലോ എന്ന് മുസ്‌ലിം പണക്കാര്‍ക്ക് മനസ്സിലായത്. അതോടെ മുസ്‌ലിങ്ങള്‍ ട്രാക്ക് മാറ്റി. ആ പലിശ പണം ബാങ്കില്‍ നിന്നെടുത്ത് എന്തെങ്കിലും ചാരിറ്റിക്ക് കൊടുക്കാന്‍ തുടങ്ങി. ഏതെങ്കിലും പാവപ്പെട്ടവര്‍ക്ക് കൊടുക്കുന്നതാണല്ലോ മാര്‍വാടികള്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ നല്ലത് എന്നതായി ചിന്ത.
ഇതേ പോലെയാണ് സി.പി.ഐ.എമ്മും ക്രോണി ക്യാപിറ്റലിസ്റ്റുകളുമായുള്ള ബന്ധം. ആദ്യം ബന്ധമേ വേണ്ട എന്ന നിലപാട്, പിന്നെ ബന്ധം തുടങ്ങിയപ്പോള്‍ അവര്‍ തരുന്ന കൈക്കൂലി വാങ്ങണോ വേണ്ടയോ എന്ന നിലപാട്. സി.പി.ഐ.എം കൈക്കൂലി വേണമെന്ന് വച്ചാലും വേണ്ട എന്ന് വച്ചാലും അദാനി കാര്യം നടത്തും, അപ്പൊ പിന്നെ മുസ്‌ലിങ്ങള്‍ പലിശയുടെ കാര്യത്തില്‍ സ്വീകരിക്കുന്ന അതെ നിലപാട് തന്നെയല്ലേ സി.പി.ഐ.എമ്മിനും നല്ലത്. കൈക്കൂലി വാങ്ങി വല്ല ചാരിറ്റിക്കും കൊടുക്കുക.
ഇപ്പൊ നടന്ന ഏര്‍പ്പാട് തന്നെ നോക്കുക. ദീര്‍ഘകാല കോണ്‍ട്രാക്ട് ഉള്ള സംസ്ഥാനങ്ങളെകൊണ്ട് അത് ക്യാന്‍സല്‍ ചെയ്യിച്ചു സിന്‍ഡിക്കേറ്റുമായി പുതിയ കോണ്‍ട്രാക്ട് ഒപ്പിടുക എന്നതായിരുന്നു അദാനിയുടേ മിഷന്‍. അതിന് വേണ്ടി അദാനി സ്വകാര്യ വിമാനത്തില്‍ ഓരോ സംസ്ഥാനത്തും പോയി കൈക്കൂലി കൊടുത്തു കൊണ്ടേയിരുന്നു.
അതിന്റെ തീയതിയും തുകയുമെല്ലാം അമേരിക്കന്‍ ചാര്‍ജ് ഷീറ്റിലുണ്ട്. പക്ഷെ അതില്‍ കേരളത്തിന്റെ പേരില്ല. കേരളത്തിനാണെങ്കില്‍ ഇരുപത്തഞ്ചു കൊല്ലത്തേക്ക് വളരെ കുറഞ്ഞ നിരക്കില്‍ വൈദ്യുതി സപ്ലൈ ചെയ്യാന്‍ കരാറുണ്ട് താനും. അത് പിന്നീട് കേരളം ക്യാന്‍സല്‍ ചെയ്യുകയും സിന്‍ഡിക്കേറ്റിന് പുതിയ കരാര്‍ നല്‍കുകയും ചെയ്തു.
അഞ്ഞൂറ് മെഗാവാട്ടിന്റെ കരാര്‍ സെക്കിയുമായി ഒപ്പിട്ടതിന്റെ വിശദ വിവരങ്ങള്‍ ഈ ലിങ്കിലുണ്ട്. അമേരിക്കന്‍ ചാര്‍ജ് ഷീറ്റില്‍ പേരില്ലാത്തത് കൊണ്ട് കേരളം കൈക്കൂലി വാങ്ങാതെയാണ് ഇതൊക്കെ ചെയ്തത് എന്നനുമാനിക്കാം.
പക്ഷെ ഇന്റര്‍നെറ്റില്‍ പരതി നോക്കിയാല്‍ ഇതുമായി ബന്ധപ്പെടുത്താന്‍ പറ്റിയ ഒരു ഒരു സംഭവം കാണാം. അദാനി വിവിധ സംസ്ഥാനങ്ങളില്‍ കൈക്കൂലിയുമായി പറന്നു നടക്കുന്നു എന്ന് അമേരിക്കന്‍ ചാര്‍ജ് ഷീറ്റില്‍ പറയുന്ന 2021 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലത്ത്, കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഒരു ദിവസം രാവിലെ അദാനി സ്വന്തം വിമാനത്തില്‍ വന്നിറങ്ങുകയും വൈകുന്നേരം വരെ കണ്ണൂരില്‍ ചിലവഴിച്ച ശേഷം തിരിച്ചു പോകുകയും ചെയ്തു എന്നതാണ് വിവരം.
അതെ പറ്റി അന്ന് കെ. സുധാകരന്‍ നടത്തിയ പ്രസ്താവന ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ് :- ‘വൈദ്യുതി കരാറിനുള്ള പാരിതോഷികവുമായി അദാനി ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റില്‍ കണ്ണൂരിലെത്തി; .കണ്ണൂരില്‍ ചാര്‍ട്ടര്‍ വിമാനത്തില്‍ അദാനി വന്നു, വൈകിട്ട് തിരിച്ചു പോയി. പണം കൊണ്ടാണ് അദാനി വന്നതെന്നാണ് പറയുന്നത്. ഇത് അന്വേഷിക്കാന്‍ കേന്ദ്രം തയ്യാറാകണം സുധാകരന്‍ ആവശ്യപ്പെട്ടു.’
അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ ഒരു പ്രസ്താവന 2021 ഏപ്രില്‍ 2 ലും കാണാം:- ‘രണ്ടു ദിവസം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ ഉള്ളപ്പോള്‍ അദാനി കുടുംബം കേരളത്തിലെത്തിയ കാര്യം രഹസ്യാനേഷണ വിഭാഗം മുന്‍കൂട്ടി വിവരം നല്‍കിയിരുന്നോയെന്നും എങ്കിലവര്‍ ആരുമായെല്ലാം രഹസ്യക്കൂടിക്കാഴ്ച നടത്തിയെന്നത് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.’
അമേരിക്കന്‍ ചാര്‍ജ്ഷീറ്റില്‍ കേരളത്തിന്റെ പേരില്ലാത്തത് കൊണ്ട് സുധാകരന്റെയും മുല്ലപ്പള്ളിയുടെയും പ്രസ്താവന തെറ്റാണെന്ന് കരുതാം. ഒരു പക്ഷെ അദാനി പയ്യാമ്പലത്ത് കാറ്റു കൊള്ളാന്‍ വന്നതായിരിക്കാനും മതി. പക്ഷെ അദാനി വിചാരിച്ചതൊക്കെ നടന്നു. ഇപ്പൊ സെക്കിയുമായി ഒപ്പിട്ട കരാര്‍ 500 മെഗാവാട്ടിന്റെതാണ്, ഇനി ഒപ്പിടാന്‍ പോകുന്നത് മറ്റൊരു 500 മെഗാവാട്ടിന്റെതും.
ഒരു മെഗാവാട്ടിന് ഇരുപത്തഞ്ചു ലക്ഷം വച്ച് ഇരുന്നൂറ്റമ്പത് കോടി കൈക്കൂലി കേരളത്തിന് ന്യായമായും കിട്ടേണ്ടതാണ്. പിണറായി കൈക്കൂലി വാങ്ങിയാലും ഇല്ലെങ്കിലും അദാനി വിചാരിച്ച കാര്യം നടത്തും. ആ സ്ഥിതിക്ക് പിണറായിക്ക് കൈക്കൂലി വേണ്ടെങ്കിൽ ആ പണം വാങ്ങി വയനാട്ടിലെ ഉരുള്‍ പൊട്ടലിന്റെ ഇരകള്‍ക്കോ കാന്‍സര്‍ രോഗികളുടെ ചികിത്സക്കോ ഉപയോഗിക്കുന്നതായിരുന്നില്ലേ നല്ലത്.
ഏതായാലും കഴിഞ്ഞത് കഴിഞ്ഞു, പോയത് പോയി. അദാനി കണ്ണ് വച്ച പലതും ഇനിയും കേരളത്തിലുണ്ട്. കോഴിക്കോട് എയര്‍പോര്‍ട്ട്, കണ്ണൂര്‍ എയര്‍പോര്‍ട്ട്, കൊച്ചിന്‍ ഷിപ് യാര്‍ഡ്, കെ.എസ്.ഇ.ബി തുടങ്ങിയവ. മാന്യമായ കൈക്കൂലി അവര്‍ തരും. നമ്മളത് വാങ്ങിയാലും ഇല്ലെങ്കിലും അദാനി കാര്യം നടത്തും. തെറ്റുകള്‍ തിരുത്തി മുന്നേറുന്നതാണ് മാര്‍ക്‌സിസ്റ്റ് രീതി, ഇക്കാര്യത്തിലും തെറ്റ് തിരുത്തിയില്ലെങ്കില്‍ അത് കേരളത്തിന് വലിയ നഷ്ടമായിരിക്കും.
ഫാറൂഖ് ഡൂള്‍ന്യൂസില്‍ എഴുതിയ മറ്റു ലേഖനങ്ങള്‍ ഇവിടെ വായിക്കാം
CONTENT HIGHLIGHTS: The bribe lost by Pinarayi, Farooq writes about the electricity deal in Kerala