പാലക്കാട്: എലപ്പുള്ളിയിലെ മദ്യ നിർമാണശാലയ്ക്ക് ആദ്യം എതിർപ്പ് അറിയിച്ചത് കൃഷി വകുപ്പ്. ഭൂമി തരം മാറ്റി നൽകാൻ കഴിയില്ലെന്ന് അറിയിച്ചുകൊണ്ടുള്ള കൃഷിവകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഭൂമിതരം മാറ്റം അപേക്ഷ നിഷേധിച്ചത്. എലപ്പുള്ളി പഞ്ചായത്തിലെ ആറാം വാർഡിലാണ് ഒയാസിസ് മദ്യനിർമാണ കമ്പനി 24 ഏക്കർ സ്ഥലം വാങ്ങിയത്. ഇതിൽ 4 ഏക്കർ കൃഷിഭൂമിയാണ്.
ഒയാസിസിന്റെ ഭൂമി നെല്‍വയലെന്നും ഭൂമി തരം മാറ്റാന്‍ കഴിയില്ലെന്നും കൃഷി വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിയില്‍ ആദ്യം എതിര്‍പ്പ് അറിയിച്ചതും കൃഷിവകുപ്പാണ്. എലപ്പുള്ളി കൃഷി ഓഫീസറാണ് റിപ്പോര്‍ട്ട് നല്‍കിയത്. ആര്‍.ഡി.ഒയുടെ നിര്‍ദ്ദേശപ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഒയാസിസിന്റെ ഭൂമിയില്‍ 2008 വരെ നെല്‍കൃഷി നടത്തിയെന്ന് സാറ്റലൈറ്റ് ഡാറ്റയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തി. തരിശു ഭൂമി നെല്‍കൃഷിക്ക് പ്രാപ്തമാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് റവന്യൂ വകുപ്പ് ഭൂമി തരംമാറ്റം അപേക്ഷ തള്ളിയത്. ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ട നാല് ഏക്കറില്‍ നിര്‍മാണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒയാസിസ് കമ്പനിയുടെ അപേക്ഷ പാലക്കാട് ആര്‍.ഡി.ഒയാണ് തള്ളിയത്.
ഭൂവിനിയോഗ നിയമത്തില്‍ ഇളവ് അനുവദിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിരുന്നു. എലപ്പുള്ളിയില്‍ 24 ഏക്കര്‍ ഭൂമിയാണ് ഒയാസിസ് കമ്പനി വാങ്ങിയിരുന്നത്. ഇതില്‍ നാല് ഏക്കര്‍ ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. നിർദിഷ്ട ഭൂമിയില്‍ കൃഷി ചെയ്യണമെന്നും, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും ആര്‍.ഡി.ഒ ഉത്തരവില്‍ വ്യക്തമാക്കി.
നെല്‍വയല്‍-നീര്‍ത്തട നിയമപ്രകാരം ഭൂമി തരംമാറ്റം അനുവദിക്കാനാവില്ലെന്നും ആര്‍.ഡി.ഒ അറിയിച്ചു. അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ കൃഷി ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും, നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം മദ്യ നിര്‍മാണ പ്ലാന്റില്‍ നിന്നും കമ്പനി പിന്നോട്ടില്ല. റവന്യൂ വകുപ്പിന്റെ നടപടി മദ്യ നിര്‍മാണശാല പ്ലാന്റിനെ ബാധിക്കില്ല. 25 ഏക്കര്‍ കൈവശമുണ്ട്. പദ്ധതിക്കായി 15 ഏക്കര്‍ മതിയാകും. കൃഷിഭൂമിയില്‍ ഒരു തരംമാറ്റവും നടത്തില്ലെന്നും ഒയാസിസ് കമ്പനി വ്യക്തമാക്കി.
Content Highlight: The brewery was first opposed by the Department of Agriculture, followed by the Department of Revenue; Four acres of agricultural land out of 24 acres purchased by Oasis