| Thursday, 2nd May 2024, 9:58 pm

ഒരൊന്നൊന്നര യുദ്ധമായിരിക്കും വരാന്‍ പോകുന്നത്, ദി ബോയ്‌സ് പുതിയ സീസണ്‍ റിലീസ് ഡേറ്റ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകത്താകമാനം ആരാധകരുള്ള സീരീസുകളിലൊന്നാണ് ദി ബോയ്‌സ്. അതുവരെ നന്മയുടെ നിറകുടങ്ങളായി മാത്രം സൂപ്പര്‍ഹീറോകളെ അവതരിപ്പിച്ചതില്‍ നിന്ന് വ്യത്യസ്തമായി നെഗറ്റീവ് ഷെയ്ഡുള്ള സൂപ്പര്‍ഹീറോകളെ അവതരിപ്പിച്ച സീരീസായിരുന്നു ബോയ്‌സ്. സൂപ്പര്‍ പവറുകളുള്ള വില്ലന്മാരോട് പൊരുതുന്ന ഒരുകൂട്ടം സാധാരണക്കാരുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞ സീരീസ് ആദ്യ സീസണ്‍ മുതല്‍ പ്രേക്ഷകരുടെ ഇഷ്ട ചോയിസായി മാറി.

ആവശ്യത്തിലധികം രക്തചൊരിച്ചിലുകളും, നന്മയും തിന്മയും പോരാട്ടം എന്ന ക്ലീഷേയെ തകര്‍ത്തെറിയുന്ന അവതരണവുമാണ് ബോയ്‌സിനെ വ്യത്യസ്തമാക്കുന്നത്. ആദ്യ മൂന്ന് സീസണുകളും വന്‍ ഹിറ്റായി മാറിയതിന് പിന്നാലെ നാലാമത്തെ സീസണ്‍ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ നാലാമത്തെ സീസണിന്റെ റിലീസ് തിയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ജൂണ്‍ 13ന് ആമസോണ്‍ പ്രൈമില്‍ സീരീസ് സ്ട്രീം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുന്‍ സീസണുകളെപ്പോലെ ആഴ്ചയില്‍ ഒരു എപ്പിസോഡ് എന്ന രീതിയിലാകും പുതിയ സീസണും റിലീസാവുക എന്നാണ് വിവരം. ഈയൊരു സീസണോടെ സീരീസ് അവസാനിക്കുമോ ഇല്ലയോ എന്ന ആകാംകഷയിലാണ് ആരാധകര്‍.

ഹോംലാന്‍ഡര്‍ എന്ന സൂപ്പര്‍ഹീറോയായി എത്തുന്ന ആന്റണി സ്റ്റാറാണ് സീരീസിന്റെ പ്രധാന ആകര്‍ഷണം. ഒരേ സമയം വില്ലനായും നായകനായും തോന്നുന്ന തരത്തിലുള്ള കഥാപാത്രസൃഷ്ടിയാണ് ഹോംലാന്‍ഡറിന്റേത്. ആന്റണിയുടെ പ്രകടനം ഹോംലാന്‍ഡറിനെ കൂടുതല്‍ മികച്ചതാക്കുന്നുണ്ട്. നാലാം സീസണില്‍ താരത്തിന്റെ ഗംഭീര പ്രകടനം കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.

Content Highlight: The Boys season 4 release date out

We use cookies to give you the best possible experience. Learn more