കോഴിക്കോട്: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ടി.എന്‍ ജോയിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മൃതദേഹം ചേരമാന്‍ പള്ളിയില്‍ ഖബറടക്കണമെന്ന ടി.എന്‍ ജോയി (നജ്മല്‍ ബാബു) യുടെ അന്ത്യാഭിലാഷം വീട്ടുകാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സഹോദരന്റെ വീട്ടു വളപ്പിലാണ് ജോയിയെ സംസ്‌കരിച്ചത്.
ഇസ്ലാം മതം സ്വീകരിക്കുന്നതായി പ്രഖ്യാപിച്ച ടി.എന്‍ ജോയി, മരണമടയുമ്പോള്‍ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദില്‍ കബറടക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് പള്ളിക്കമ്മിറ്റിക്കാര്‍ക്കു നേരത്തേ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് നടപ്പാക്കണമെന്ന സുഹൃത്തുക്കളുടെ ആവശ്യമാണ് പ്രതിഷേധത്തിനിടയാക്കിയത്. സുഹൃത്തുക്കള്‍ കുടുംബവുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും കുടുംബം വഴങ്ങിയില്ല.
അസുഖംമൂലം ചികില്‍സയിലായിരുന്ന ടി.എന്‍ ജോയ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. അടിയന്തരാവസ്ഥ കാലത്ത് ജയിലിലായ അദ്ദേഹം അടിയന്തരാവസ്ഥക്ക് ശേഷം സി.പി.ഐ.എം.എല്‍ വിടുകയും മറ്റ് സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി. സമീപകാലത്ത് ഇസ്ലാം മതം സ്വീകരിച്ച ടി.എന്‍ ജോയ് തന്റെ പേര് നജ്മല്‍ ബാബു എന്നു മാറ്റുകയായിരുന്നു.
1970 കളില്‍ നക്‌സല്‍ പ്രസ്ഥാനത്തില്‍ സജീവമായിരുന്ന ജോയ് അതിന്റെ ബൗദ്ധികതലങ്ങളില്‍ മുന്നിലുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് തടവിലായ ജോയ്, പൊലീസിന്റെ മര്‍ദനങ്ങള്‍ക്കു വിധേയനായി. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. തൃശൂരിലെ രാഷ്ട്രീയസാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. സൂര്യഗാന്ധി ബുക്‌സ് എന്ന പേരില്‍ പ്രസിദ്ധീകരണം നടത്തി. ഗ്രാംഷിയുടെയും മറ്റും കൃതികള്‍ ആദ്യമായി മലയാളത്തിനു പരിചയപ്പെടുത്തിയതു സൂര്യഗാന്ധി ബുക്‌സാണ്.
അടിയന്തരാവസ്ഥാ തടവുകാര്‍ക്കു പെന്‍ഷന്‍ ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ മുന്‍നിര പ്രവര്‍ത്തകനായി. “കിസ് ഓഫ് ലൗ” തുടങ്ങിയ പ്രതിഷേധ സമരങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. കൊച്ചിയില്‍ അടുത്തിടെ നടന്ന കന്യാസ്ത്രീകളുടെ സമരത്തിലും സാന്നിധ്യമായിരുന്നു. കൊടുങ്ങല്ലൂരില്‍ കാന്‍സര്‍ രോഗികള്‍ക്കായുള്ള സാന്ത്വന ചികില്‍സാരംഗത്തു പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകരില്‍ ഒരാളാണ് ജോയി.
കൊടുങ്ങല്ലൂരിലെ കമ്യൂണിസ്റ്റ് കുടുംബമായ തൈവാലത്ത് വീട്ടില്‍ നീലകണ്ഠദാസിന്റെയും ദേവയാനിയുടെയും മകനായി 1955 ല്‍ ജനിച്ചു. സഹോദരന്‍ അയ്യപ്പന്റെ സഹോദര പ്രസ്ഥാനത്തില്‍ അംഗവും യുക്തവാദിയുമായിരുന്ന പിതാവാണ് ടി.എന്‍.ജോയിക്ക് ആ പേരു നല്‍കിയത്. സഹോദര പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കവേ നീലകണ്ഠദാസ് അമ്മാവന്റെ മകളുടെ പേര് “ആയിശ” എന്നുമിട്ടു. 2015 ല്‍ ടി.എന്‍.ജോയ് ഇസ്ലാം മതം സ്വീകരിച്ചതു വലിയ ചര്‍ച്ചയായി.