റിയാദ്: ശനിയാഴ്ച റിയാദ് – ജീസാന്‍ റോഡിലെ അല്‍റൈനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച അഞ്ചുപേരുടെയും മൃതദേഹം നാട്ടിലെത്തിക്കും.
തിങ്കളാഴ്ച പുലര്‍ച്ചെ മരണ സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്നും വൈകുന്നേരത്തോടെ മൃതദേഹങ്ങള്‍ നാട്ടിലയക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിയാദിലെ മരിച്ച കുടുംബവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
പൊലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഞായറാഴ്ച രാത്രിയോടെ അല്‍റൈനില്‍ നിന്ന് മൃതദേഹങ്ങള്‍ റിയാദ് ശുൈമസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അപകട വിവരമറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇന്നലെ വൈകുന്നേരത്തോടെ അല്‍റൈന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിര്‍, ഭാര്യ ഷബ്‌ന, മക്കളായ ലൈബ (7), സഹ (5), ലുഫ്തി (3) എന്നിവരാണ് വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സൗദി പൗരന്റെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകരുകയായിരുന്നു. അഞ്ച് പേരും അപകട സ്ഥലത്ത് തന്നെ മരിച്ചു. ശനിയാഴ്ചയാണ് മരണ വിവരം പുറംലോകം അറിയുന്നത്. റിയാദില്‍ നിന്ന് ബീഷ വഴി ജിസാനിലേക്കുള്ള ഒറ്റവരിപ്പാതയിലായിരുന്നു അപകടം.