തൊടുപുഴയിലെ ഉരുള്‍പൊട്ടല്‍ അഞ്ച് പേരും മരിച്ചു; എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
Kerala News
തൊടുപുഴയിലെ ഉരുള്‍പൊട്ടല്‍ അഞ്ച് പേരും മരിച്ചു; എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th August 2022, 11:42 am

ഇടുക്കി: തൊടുപുഴ മുട്ടം കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ അഞ്ച് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. സോമന്‍(50), അമ്മ തങ്കമ്മ(75), ഭാര്യ ഷിജി, മകള്‍ ഷിമ(25), ചെറുമകന്‍ ദേവാനന്ദ്(5) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

പ്രദേശത്ത് ഇന്നലെ രാത്രി കനത്ത മഴയായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു ഉരുള്‍പൊട്ടലുണ്ടായത്. മഴ മാറി നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായി. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

തിങ്കളാഴ്ച പുലര്‍ച്ചെ സംഗമം കവലക്ക് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തില്‍ ചിറ്റടിച്ചാലില്‍ സോമന്റെ ഉടമസ്ഥതയിലുള്ള വീട് പൂര്‍ണമായും തകര്‍ന്ന് ഒലിച്ചുപോയിരുന്നു. ഇതില്‍ സോമന്റെ അമ്മ തങ്കമ്മയുടെ മൃതദേഹവും സോമന്റെ മകളുടെ മകന്‍ നാല് വയസുള്ള ആദിദേവിന്റെ മൃതദേഹവും നേരത്തെ കണ്ടെടുത്തിരുന്നു.

പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 10.30 ഓടെ കനത്ത മഴയായിരുന്നു. ഈ മഴക്ക് ഒടുവിലാണ് വലിയ ശബ്ദത്തോടെ ഉരുള്‍പ്പൊട്ടി എത്തിയത്.

ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്ഥലത്ത് ഭയങ്കരമായ രീതിയില്‍ മണ്ണടിഞ്ഞ് കിടക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

അതേസമയം, കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ട, കോട്ടയം ജില്ലകളുടെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി. പത്തനംതിട്ട ചുങ്കപ്പാറ ടൗണില്‍ കടകളിലും മറ്റും വെള്ളം കയറിയതിന് പിന്നാലെ പച്ചക്കറികളും മറ്റു സാധനങ്ങളും ഒഴുകിപ്പോയി. പത്തനംതിട്ടയില്‍ ചെറുതോടുകള്‍ കരകവിഞ്ഞു തുടങ്ങിയിട്ടുണ്ട്. പത്തനംതിട്ടയില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നു വെള്ളം ഇറങ്ങി തുടങ്ങിയെന്നു ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.