ജെറുസലേം: ഗസയിലെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് ഫലസ്തീനികളുടെ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 171 ഫലസ്തീനികളുടെ മൃതദേഹങ്ങളാണ് ഗസയില്‍ നിന്ന് കണ്ടെത്തിയത്.
നിലവിലെ കണക്കുകള്‍ പ്രകാരം 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ഇസ്രഈല്‍ ആക്രമണത്തില്‍ 47,417 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 111,571 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതായത് യുദ്ധത്തിന് മുമ്പുണ്ടായിരുന്ന ഗസയിലെ 2.3 മില്യണ്‍ ജനസംഖ്യയുടെ ഏകദേശം രണ്ട് ശതമാനം ഫലസ്തീനികള്‍ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഗസയില്‍ മരണപ്പെട്ട ഫലസ്തീനികളുടെ എണ്ണം ഗസ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 40 ശതമാനം കൂടുതലാണെന്ന് ദി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം നേരത്തെ സൂചിപ്പിച്ചിരുന്നു.
2023 ഒക്ടോബര്‍ മുതല്‍ 2024 ജൂണ്‍ വരെയുള്ള കാലയളവിലുണ്ടായ മരണമാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. ഇക്കാലയളവില്‍ ഏകദേശം 64,260 പേര്‍ മരിച്ചിരിക്കാമെന്നാണ് ഗവേഷകര്‍ വിലയിരുത്തിയത്.
59.1 ശതമാനം സ്ത്രീകളും കുട്ടികളും 65 വയസിന് മുകളിലുള്ളവരും ഇതില്‍ ഉള്‍പ്പെടുമെന്നും പഠനം ചൂണ്ടിക്കാട്ടിയിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്റ് ട്രോപ്പിക്കല്‍ മെഡിസിന്‍, യേല്‍ യൂണിവേഴ്‌സിറ്റിയിലെയും മറ്റ് സ്ഥാപനങ്ങളിലെയും അക്കാദമിക് വിദഗ്ധര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.
അതേസമയം ഗസ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ അധിനിവേശ വെസ്റ്റ് ബാങ്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇസ്രഈല്‍ ആക്രമണം വര്‍ധിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രി വെസ്റ്റ് ബാങ്കിലെ തമ്മുനില്‍ ഇസ്രഈല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു.
മരിച്ചവരില്‍ 17 വയസുകാരനും ഉള്‍പ്പെടുന്നു. ഇതോടെ വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം പത്തായി ഉയര്‍ന്നുവെന്ന് ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ പറഞ്ഞു.
ജെനിന്‍, തുല്‍ക്കരെം എന്നിവിടങ്ങളില്‍ ഇസ്രഈലി സൈന്യം നിലവില്‍ റെയ്ഡ് തുടരുകയാണ്. ജെനിനിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ നടന്ന ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇന്നലെ (ബുധന്‍) ഗസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് എട്ട് ഇസ്രഈല്‍ ബന്ധികളെയും ഇസ്രഈല്‍ 110 ഫലസ്തീന്‍ ബന്ധികളെയും മോചിപ്പിച്ചിരുന്നു. ഹമാസ് മോചിപ്പിച്ച എട്ട് ബന്ധികളില്‍ അഞ്ച് പേര്‍ തായ്‌ലാന്റുകാരാണ്.
Content Highlight: The bodies of 171 Palestinians were found in the rubble of buildings in Gaza