ബാഗ്ദാദ്: ഇറാഖിലെ കൂട്ടക്കുഴിമാടത്തില്‍ നിന്ന് കണ്ടെടുത്തത് 139 മൃതദേഹങ്ങള്‍. ഇസ്‌ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണങ്ങള്‍ക്ക് ഇരയായവരെയാണ് കുഴിമാടങ്ങളില്‍ നിന്ന് കണ്ടെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഐ.എസിന്റെ കേന്ദ്രമായിരുന്ന മൊസൂളിന് സമീപത്തുള്ള പ്രദേശത്ത് നിന്നാണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്.
2014നും 2017നും ഇടയില്‍ ഐ.എസിന്റെ ആസ്ഥാനമായിരുന്നു മൊസൂള്‍. ഇവിടുന്ന് 70 കിലോമീറ്റര്‍ മാറി പടിഞ്ഞാറ് താല്‍ അഫറില്‍ സ്ഥിതി ചെയ്യുന്ന മരുഭൂമിയിലെ അലോ അന്റാര്‍ ഹോളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കുഴിമാടത്തില്‍ നിന്ന് 139 ആളുകളുടെ ശരീര ഭാഗങ്ങളും ആവശിഷ്ടങ്ങളും നീക്കം ചെയ്തതായി ഇറാഖ് ഉന്നത ഉദ്യോഗസ്ഥനായ ദിയ കരീം പറഞ്ഞു.
സ്ത്രീകളുടെയും പുരുഷന്‍മാരുടെയും മൃതദേഹങ്ങളാണ് കുഴിമാടത്തില്‍ ഉണ്ടായിരുന്നത്. 42 മുതല്‍ 12 മീറ്റര്‍ വരെ ആഴമുള്ള കൂട്ടക്കുഴിമാടമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ അടക്കം ചെയ്തതല്ലെന്നും വലിച്ചെറിയപ്പെട്ടതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏതാനും മൃതദേഹങ്ങള്‍ വെടിയേറ്റ നിലയിലായിരുന്നു. ചിലരുടെ കഴുത്ത് ഭാഗികമായി മുറിഞ്ഞിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുഴിമാടത്തില്‍ ഉണ്ടായിരുന്നവര്‍ ഐ.എസ് ഭരണകാലത്ത് ജീവിച്ചിരുന്നവരാണെന്നാണ് അധികൃതര്‍ പറയുന്നത്. ഒരു സംഘം ഉദ്യോഗസ്ഥര്‍ കുഴിമാടത്തിലുണ്ടായിരുന്നവര്‍ ഇറാഖിലെ അല്‍-ഖ്വയ്ദയുടെ മുന്‍ഗാമികളാകാന്‍ സാധ്യതയുണ്ടെന്നും സംശയം ഉന്നയിക്കുന്നു.
2014നും 2017നും ഇടയില്‍ ഇറാഖിന്റെയും സിറിയയുടെയും ഭൂരിഭാഗം പ്രദേശങ്ങളും ഐ.എസിന്റെ നിയന്ത്രണത്തിലായിരുന്നു. ഈ സമയത്ത് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരെ കൂട്ടത്തോടെ കുഴിച്ചുമൂടിയതാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാഖിന്റെയും അമേരിക്കയുടെയും പ്രാദേശിക സായുധ ഗ്രൂപ്പുകളുടെയും സംയുക്ത ആക്രമണത്തിന് പിന്നാലെയാണ് ഐ.എസ് ഇവിടങ്ങളില്‍ നിന്ന് പിന്മാറുന്നത്.
12,000 മൃതദേഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന 200ത്തിലധികം കൂട്ടക്കുഴിമാടങ്ങള്‍ ഈ മേഖലയിലുടനീളം ഉണ്ടാകാമെന്ന് ഐക്യരാഷ്ട്ര സഭ കണക്കാക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: The bodies of 139 people were found in a mass grave in Iraq