'മുസ്‌ലിങ്ങള്‍ക്ക് ക്ഷേത്രപ്പറമ്പില്‍ പ്രവേശനമില്ല'; ബോര്‍ഡ് ഈ വര്‍ഷം മുതല്‍ വേണ്ടന്ന് ക്ഷേത്ര കമ്മിറ്റി
Kerala News
'മുസ്‌ലിങ്ങള്‍ക്ക് ക്ഷേത്രപ്പറമ്പില്‍ പ്രവേശനമില്ല'; ബോര്‍ഡ് ഈ വര്‍ഷം മുതല്‍ വേണ്ടന്ന് ക്ഷേത്ര കമ്മിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th February 2023, 8:58 am

കണ്ണൂര്‍: പയ്യന്നൂര്‍ കുഞ്ഞിമംഗലത്തെ ഉത്സവത്തിന് ഇസ്‌ലാം മതത്തില്‍പ്പെട്ടവര്‍ക്ക് പ്രവേശനമില്ലെന്ന് ബോര്‍ഡ് കഴിഞ്ഞ വര്‍ഷം വാര്‍ത്തയായതോടെ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

‘ഉത്സവകാലങ്ങളില്‍ മുസ്‌ലിങ്ങള്‍ക്ക് ക്ഷേത്രപ്പറമ്പില്‍ പ്രവേശനമില്ല’ എന്നാണ് ബോര്‍ഡിലുണ്ടായിരുന്നത്. ക്ഷേത്രത്തിലെ ആരാധനാ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നാലൂര് സമുദായിമാരുടെ പേരിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നത്.

ക്ഷേത്ര വളപ്പില്‍ പ്രത്യക്ഷപ്പെട്ട ബോര്‍ഡിനെതിരെ പ്രതിഷേധമറിയിച്ച് ഡി.വൈ.എഫ്.ഐ. അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇനി മുതല്‍ ഇങ്ങനെയൊരു ബോര്‍ഡ് സ്ഥാപിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തിരിക്കുകയാണ് ക്ഷേത്ര കമ്മിറ്റി. ഈ വര്‍ഷം മുതല്‍ ബോര്‍ഡ് വേണ്ടെന്ന് ക്ഷേത്ര കമ്മിറ്റി തീരുമാനമെടുത്തു.

തിങ്കളാഴ്ച ക്ഷേത്ര ഭാരവാഹിള്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായതെന്ന് ക്ഷേത്രം കര്‍മി ഷിജു മല്ലിയോട് അറിയിച്ചു. കഴിഞ്ഞയാഴ്ച നടന്ന കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും വിഷയത്തില്‍ തീരുമാനമായിരുന്നില്ല.

ഏപ്രില്‍ 14 മുതല്‍ ഒരാഴ്ചയാണ് കാവില്‍ വിഷുവിളക്ക് ഉത്സവം നടക്കുന്നത്. ഒരു പതിറ്റാണ്ട് മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷം ഉണ്ടായിരുന്നു. തുടര്‍ന്നാണ് മുസ്‌ലിം സമുദായത്തില്‍ പെട്ടവര്‍ക്ക് ഉത്സവത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതെന്നായിരുന്നു വാദം. പ്രവേശനം വിലക്കിയതിനെതിരെ നേരത്തെയും പരാതി ഉയര്‍ന്നിരുന്നെങ്കിലും പരസ്യമായി ബോര്‍ഡ് സ്ഥാപിച്ചതോടെയാണ് സംഭവം വിവാദമായത്.