പാരിസ്: ഇറാനിൽ സ്റ്റേറ്റ് ടെലിവിഷൻ തത്സമയ വാർത്താ പ്രക്ഷേപണം ഹാക്ക് ചെയ്ത് ഡിജിറ്റൽ ആക്ടിവിസ്റ്റുകൾ. ഇറാനിൽ നടക്കുന്ന ഹിജാബിനെതിരായ പോരാട്ടങ്ങൾ ശക്തമാകുന്നതിനിടെയാണ് സംഭവം.
‘ഞങ്ങളുടെ യുവാക്കളുടെ രക്തം നിങ്ങളുടെ കൈകളിലുണ്ട്,’ എന്നായിരുന്നു പ്രക്ഷേപണത്തിനിടെ സ്‌ക്രീനിൽ എഴുതികാണിച്ചിരുന്നത്. ഇറാനിലെ സദാചാര പൊലീസുകാരുടെ ആക്രമണത്തിൽ 22കാരിയായ മഹ്‌സ അമിനി കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതിഷേധങ്ങൾ രാജ്യത്ത് ശക്തമായികൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് വാർത്താ പ്രക്ഷേപണം ഹാക്ക് ചെയ്തിരിക്കുന്നത്.
അതേസമയം മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ സദാചാര പൊലീസുകാരുടെ ആക്രമണത്തിൽ വീണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
യുട്യൂബ് വ്‌ലോഗറായ 16 കാരി നിക ഷകരമിയാണ് കൊല്ലപ്പെട്ടത്.
മഹ്‌സ അമിനിയുടെ മരണവുമായി ബന്ധപ്പെട്ട് അൽബോർസ് പ്രവിശ്യയിലെ ഗോഹാർദാഷ്ടിൽ നടന്ന പ്രതിഷേധത്തിൽ സുരക്ഷാ സേന ബാറ്റൺ ഉപയോഗിച്ച് നികയെ മർദിച്ചിരുന്നതായി ആംനെസ്റ്റി ഇന്റർനാഷ്ണൽ റിപ്പോർട്ട് ചെയ്യുന്നു. ഇതാണ് മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.
നികയുടെ മരണത്തെക്കുറിച്ച് പുറത്തുപറയാതിരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും ആംനെസ്റ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇറാൻ ഉദ്യോഗസ്ഥർ ഈ വാദം നിഷേധിച്ചു.
നികയുടെ മരണവാർത്ത പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഇറാനിൽ നിലനിൽക്കുന്ന നിർബന്ധിത ഹിജാബിനെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും നിക തന്റെ വീഡിയോകളിലൂടെ പങ്കുവെച്ചിരുന്നു.
അതേസമയം തന്റെ മകളെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കി നികയുടെ അമ്മ നസ്‌റിൻ രംഗത്തെത്തിയിരുന്നു.
നികയുടെ തലക്ക് നിരവധി തവണ അടിയേറ്റതായും പല്ലും മുഖത്തെ എല്ലും പൊട്ടിയതായും തലയോട്ടിക്ക് പൊട്ടലുള്ളതായും ഫോറൻസിക് റിപ്പോർട്ടിലുണ്ടെന്ന് മാതാവ് പറഞ്ഞു. നികയുടെ മരണം ഒമ്പതു ദിവസം മൂടിവെച്ചതായും കുടുംബത്തിന്റെ താൽപര്യത്തിന് വിരുദ്ധമായി ദൂരസ്ഥലത്ത് മറവുചെയ്തതായും മാതാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് വീഡിയോയിൽ പറഞ്ഞിരുന്നു.
Content Highlight: ‘The blood of our youth is on your hands’; Digital activists hack state television live broadcast in Iran