| Monday, 13th March 2023, 10:25 pm

'കറുത്തവരുടെ പഠന യാത്ര'; ഇസ്രഈലിലെ എത്യോപ്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വംശീയാധിക്ഷേപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: എത്യോപ്യന്‍ ഇസ്രഈല്‍ വിദ്യാര്‍ത്ഥികളുടെ പഠന യാത്രയെ ‘കറുത്തവരുടെ പഠന യാത്ര’ എന്ന് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. തെക്കന്‍ ഇസ്രഈലിലെ നെറ്റിവോട്ടിലെ മതപഠന സ്‌കൂളിലാണ് സംഭവം.

വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി അധ്യാപകര്‍ നടത്തിയ വംശീയ പരാമര്‍ശം വിദ്യാര്‍ത്ഥിനികള്‍ തന്നെയാണ് ഫോട്ടോയെടുത്ത് സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് തെക്കന്‍ ഇസ്രഈലിലെ നെറ്റിവോട്ടിലെ മതപഠന സ്‌കൂളില്‍ നിന്ന് മൂന്ന് ദിവസത്തെ പഠനയാത്രക്ക് അധ്യാപകരും വിദ്യാര്‍ത്ഥിനികളും യാത്ര തിരിച്ചത്. ആ സമയത്ത് എത്യോപ്യന്‍ ഇസ്രഈല്‍ വിദ്യാര്‍ത്ഥികളെ കുറിച്ച് അധ്യാപകര്‍ ചാറ്റ് ചെയ്യുന്നത് വിദ്യാര്‍ത്ഥിനികള്‍ കാണുകയും അത് സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുകയായിരുന്നു.

‘ സ്‌കൂളിലെ എല്ലാ അക്ഷരഭ്യാസികള്‍ക്കും ഗുഡ്‌മോര്‍ണിങ്. എത്യോപ്യന്‍ കമ്മ്യൂണിറ്റിയിലെ ഒരാള്‍ എന്ന നിലയില്‍ നിങ്ങള്‍ ഇങ്ങനെ തരംതാഴുന്നത് കാണുമ്പോള്‍ സങ്കടമാകുന്നു. ഞങ്ങള്‍ക്ക് മാതൃകയാകുകയും ഞങ്ങളെ സുരക്ഷിതരാക്കുകയും ചെയ്യേണ്ടവരാണ് നിങ്ങള്‍. എന്നാല്‍ നിങ്ങള്‍ ചെയ്യുന്നത് അതിന് വിപരീതമാണ്,’ എന്ന കുറിപ്പോട് കൂടിയാണ് വാട്‌സ്ആപ് സന്ദേശം വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ പങ്കുവെച്ചത്.

നിങ്ങളുടെ പിന്നില്‍ വിദ്യാര്‍ത്ഥികളിരിക്കുന്നുണ്ടെന്ന് പോലും ചിന്തിക്കാതെയാണ് ഇത്തരം സന്ദേശങ്ങളയക്കുന്നതെന്നും അധ്യാപകരാണ് ഇത്തരം സന്ദേശം അയക്കുന്നതെന്ന് വിശ്വസിക്കാന്‍ ആകുന്നില്ലെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.

നിങ്ങള്‍ തങ്ങളുടെ അധ്യാപകരാണെന്ന് പറയുന്നത് ലജ്ജാവഹമാണെന്നും വിദ്യാര്‍ത്ഥിനി കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്‌കൂളിലെ എത്യോപ്യന്‍ വിദ്യാര്‍ത്ഥികളെ കുറിച്ച് അധ്യാപകരില്‍ നിന്നുണ്ടായ പരാമര്‍ശം അങ്ങേയറ്റം നിന്ദ്യമാണെന്നും അത് ഞെട്ടലുണ്ടാക്കിയെന്നും ഹെഡ്മാസ്റ്റര്‍ പറഞ്ഞു.

സ്‌കൂള്‍ മാനേജ്‌മെന്റ് ഇത്തരം പരാമര്‍ശങ്ങളെ രൂക്ഷമായി കാണുന്നുവെന്നും സ്‌കൂളില്‍ ഇത്തരം വംശീയ അധിക്ഷേപങ്ങള്‍ അനുവദിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാവിധ സംവിധാനങ്ങളും ഉപയോഗിച്ച് ഈ സംഭവത്തില്‍ നടപടിയെടുക്കുമെന്ന് ഇസ്രഈല്‍ വിദ്യാഭ്യാസ മന്ത്രി യോവ് കിഷും അഭിപ്രായപ്പെട്ടു.

വിദ്യര്‍ത്ഥികള്‍ നേരിട്ട അപമാനത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ അസഹിഷ്ണുത ഉണ്ടാക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ 150,000 എത്യോപ്യന്‍ പൗരന്‍മാര്‍ ഇസ്രഈലിലുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

CONTENT HIGHLIGHT:

We use cookies to give you the best possible experience. Learn more