കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിനെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കൈരളി പോലും ചെയ്യാത്ത കാര്യങ്ങളാണ് ഏഷ്യാനെറ്റ് ചെയ്തതെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് മറ്റ് ഏത് ചാനലും ചെയ്യാത്ത രീതിയിലാണ് ഏഷ്യാനെറ്റ് സി.പി.ഐ.എമ്മിന് അനുകൂലമായി വാര്‍ത്തകള്‍ നല്‍കിയത്. എല്ലാ ചാനലുകളുടെയും പേരെടുത്ത് പറഞ്ഞ സുരേന്ദ്രന്‍ ഇവരൊന്നും ചെയ്യാത്തത് ഏഷ്യാനെറ്റ് ചെയ്‌തെന്നും പറഞ്ഞു. ഏഷ്യാനെറ്റ് കുറച്ചുകാലമായി ഇതുചെയ്യുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൈരളി പോലും ചെയ്യാത്ത ഒരു കാര്യമാണ് ഏഷ്യാനെറ്റ് ചെയ്തത്. ബി.ജെ.പിക്കും യു.ഡി.എഫിനും എതിരെ ടീമുണ്ടാക്കിയ ഏഷ്യാനെറ്റ്
സി.പി.ഐ.എമ്മിനെതിരെ ഉണ്ടാക്കിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സി.പി.ഐ.എമ്മിന് ക്യാപ്റ്റന്‍ പദവിയാണ് ഏഷ്യാനെറ്റ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ വിരുദ്ധമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്യുന്നത്. മാധ്യമങ്ങള്‍ കൊടുത്തില്ലെങ്കിലും തനിക്ക് പറയാനുള്ളത് പറഞ്ഞിട്ട് പോകുമെന്നും മാധ്യമങ്ങളുടെ പ്ലാറ്റ്‌ഫോം ആവശ്യമില്ലെന്നും കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിക്കില്ലെന്ന് ബി.ജെ.പി. നേരത്തെ അറിയിച്ചിരുന്നു. രാജ്യ താല്‍പര്യങ്ങളെ ഹനിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ് ന്യൂസെന്നും അതുകൊണ്ട് ചാനലുമായി സഹകരിക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നുമാണ് പാര്‍ട്ടി അറിയിച്ചത്.
വാര്‍ത്തയിലും വാര്‍ത്താധിഷ്ഠിത പരിപാടികളിലും ബി.ജെ.പിയെയും ദേശീയ പ്രസ്ഥാനങ്ങളെയും നിരന്തരമായി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കാലാകാലങ്ങളായി ഏഷ്യാനെറ്റ് തുടരുന്നതതെന്നും അതുകൊണ്ട് തന്നെ ഏഷ്യാനെറ്റുമായി നിസഹകരണം ആരംഭിക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടി കേരളാ ഘടകം തീരുമാനമെടുത്തിരിക്കുകയാണെന്നും ബി.ജെ.പി. കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പിനുശേഷം ബംഗാളിലുണ്ടായ അക്രമസംഭവങ്ങള്‍ മതിയായ പ്രാധാന്യത്തോടെ നല്‍കുന്നില്ലെന്ന് പറഞ്ഞ് ചാനലിലേക്ക് വിളിച്ചയാളോട് ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തക പി.ആര്‍ പ്രവീണ പ്രകോപനപരമായി സംസാരിച്ചെന്നാരോപിച്ച് സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്ന് ചാനലിനും മാധ്യമപ്രവര്‍ത്തകയ്ക്കും എതിരെ കടുത്ത സൈബര്‍ ആക്രമണവും ബലാത്സംഗ ഭീഷണിയും നേരത്തെ ഉണ്ടായിരുന്നു.