ബെംഗളൂരു: കര്‍ണാടക പിടിക്കുക എന്ന ഒറ്റലക്ഷ്യത്തോടെ ഇറങ്ങിത്തിരിച്ച ബി.ജെ.പി നേതൃത്വം തെരഞ്ഞെടുപ്പിനായി മാത്രം ചിലവഴിച്ചത് 6500 കോടി രൂപയെന്ന് കോണ്‍ഗ്രസ്. പണവും മസില്‍പവറും ഉപയോഗിച്ച് ബി.ജെ.പി കര്‍ണാടക പിടിച്ചെടുക്കാന്‍ ആവുന്ന കളിയെല്ലാം കളിച്ചെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശര്‍മ പറഞ്ഞു.
“”6500 കോടി രൂപയാണ് അവര്‍ തെരഞ്ഞെടുപ്പിന് വേണ്ടി കര്‍ണാടകയില്‍ ചിലവഴിച്ചത്. അതിന് പുറമെ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാനായി 4000 കോടി രൂപയും വകയിരുത്തി. ഇത്രയും വലിയ തുകവെച്ചാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതില്‍ സ്വതന്ത്ര അന്വേഷണം നടത്തിയേ തീരൂ””- ആനന്ദ് ശര്‍മ പറയുന്നു.
കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് അനുകൂലമായ വിധി തന്നെയാണ് കര്‍ണാടകയിലെ ജനങ്ങള്‍ നല്‍കിയതെന്നും ബി.ജെ.പിയേക്കാള്‍ ഉയര്‍ന്ന വോട്ട് ഷെയര്‍ കോണ്‍ഗ്രസിനാണ് ലഭിച്ചതെന്നും ശര്‍മ പറഞ്ഞു.
ബി.ജെ.പി ഞങ്ങളുടെ എം.എല്‍.എമാരെ ഭീഷണിപ്പെടുത്തി, അവര്‍ക്കുള്ള സുരക്ഷ പിന്‍വലിച്ചു. എന്തിന് വിമാനത്തില്‍ യാത്ര ചെയ്യാനുള്ള അനുമതി പോലും നിഷേധിച്ചു. കര്‍ണാടക തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അനുകൂലമാക്കാനായി അവര്‍ കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ തെറ്റായ മാര്‍ഗങ്ങള്‍ എല്ലാം ഉപയോഗിച്ചെന്നും ശര്‍മ പറയുന്നു.
എന്നാല്‍ കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റക്കകക്ഷിയാണന്നും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കണമെന്നും ബി.ജെ.പി അവകാശവാദം ഉന്നയിച്ചില്ലെങ്കില്‍ അത് ജനവിധിക്ക് എതിരായിപ്പോകുമെന്നായിരുന്നു ബി.ജെ.പി അധ്യക്ഷ്ന്‍ അമിത് ഷായുടെ പ്രസ്താവന.
കര്‍ണാടകയിലെ ജനവിധി കോണ്‍ഗ്രസിന് എതിരായിരുന്നെന്നും അതില്‍ യാതൊരു വിധത്തിലുള്ള സംശയവും ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ഇല്ലെന്നും അമിത് ഷാ പറയുന്നു. വെറും ഏഴ് സീറ്റ് കൂടി ലഭിച്ചിരുന്നെങ്കില്‍ ബി.ജെ.പി ആ മാന്ത്രികസഖ്യയില്‍ എത്തുമായിരുന്നു എന്ന കാര്യം പ്രതിപക്ഷ പാര്‍ട്ടികള്‍ മറക്കേണ്ടെന്നും ദല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു.