അഹമ്മദാബാദ്: ഭരണകക്ഷിയായ ബി.ജെ.പി തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി തന്റെ പരാമര്‍ശം ദുരുപയോഗം ചെയ്‌തെന്ന് എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ‘രാവണന്‍’ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നതെന്നും, എന്നാല്‍ ബി.ജെ.പിക്ക് പലപ്പോഴും ജാനാധിപത്യത്തിന്റെ മേന്മയില്ലെന്നും ഖാര്‍ഗെ പറഞ്ഞു.
‘തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി എന്റെ പരാമര്‍ശങ്ങള്‍ അവര്‍ ദുരുപയോഗം ചെയ്യുകയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം രാഷ്ട്ട്രീയമെന്നത് വ്യക്തികളല്ല, നയങ്ങളാണ്. അത് ബി.ജെ.പിയുടെ പ്രകടനത്തെയും അവരുടെ രാഷ്ടീയത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍, അവരിതെല്ലാം ഒരു വ്യക്തിയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. എല്ലായിടത്തും അയാളാണ്,’ ഖാര്‍ഗെ പറഞ്ഞു.
ബി.ജെ.പിയുടെയും പ്രധാനമന്ത്രിയുടെയും രാഷ്ട്രീയ ശൈലിക്ക് പലപ്പോഴും ജനാധിപത്യത്തിന്റെ മേന്മയില്ല. മോദിയുടെ ഇത്തരത്തിലുള്ള പ്രചാരണ രീതിയെക്കുറിച്ചുള്ള ഉദാഹരണങ്ങളാണ് താന്‍ പറഞ്ഞതെന്നും, അതാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ വോട്ട് ഭിന്നിപ്പിക്കാനായി ആരുടേയോ ഇച്ഛക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ആംആദ്മിയെന്നും ഖാര്‍ഗെ ആരോപിച്ചു.
‘ബി.ജെ.പിയാണ് ആംആദ്മി പാര്‍ട്ടിക്ക് പിന്നിലെന്ന് ഞാന്‍ പറയേണ്ടതില്ല, അവരുടെ പ്രവര്‍ത്തികള്‍ തന്നെ അത് പ്രതിഫലിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ പ്രാദേശിക നേതാക്കളില്‍ നിന്ന് എനിക്ക് ലഭിച്ച വിവരങ്ങളനുസരിച്ച് അവര്‍ ആരുടേയോ നിര്‍ദേശങ്ങളനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്,’ ഖാര്‍ഗെ പറഞ്ഞു.
ഖാര്‍ഗെയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കഴിഞ്ഞ ദിവസം ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് മുംതാസ് പട്ടേലും രംഗത്തെത്തിയിരുന്നു.
വാക്കുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അവ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കണമെന്നും, സംസാരിക്കുന്നതിനു മുമ്പ് നന്നായി ആലോചിക്കണമെന്നാണ് മുംതാസ് പട്ടേല്‍ പറഞ്ഞത്.
‘എന്താണ് പറയുന്നത് എന്നതിനെ കുറിച്ച് നമ്മള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം നമ്മുടെ വാക്കുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത കൂടുതലാണ്. അങ്ങനെ വരുമ്പോള്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം ആളുകളിലെത്തില്ല,’ മുംതാസ് പട്ടേല്‍ പറഞ്ഞു.
കോണ്‍ഗ്രസിനോട് മാത്രമല്ല, എല്ലാ പാര്‍ട്ടിയിലെയും ആളുകളോടും ഇതാണ് പറയാനുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മോദിയുടെ മുഖം എത്ര തവണ കാണണമെന്നും രാവണനെപ്പോലെ മോദിക്ക് നൂറ് തലയുണ്ടോ എന്നുമായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. അഹമ്മദാബാദില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിജി പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രിയുടെ കര്‍ത്തവ്യം മറന്ന് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്, എം.എല്‍.എ തെരഞ്ഞെടുപ്പ്, എം.പി തെരഞ്ഞെടുപ്പ് തുടങ്ങി എല്ലാ പ്രചരണപരിപാടികളിലും അദ്ദേഹം പങ്കെടുക്കുന്നു. എല്ലായിടത്തും തന്നെക്കുറിച്ച് മാത്രം സംസാരിക്കുന്നു.
മറ്റാരേയും നിങ്ങള്‍ കാണേണ്ടതില്ല, മോദിയെ മാത്രം നോക്കൂ, വോട്ട് ചെയ്യൂ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. നിങ്ങളുടെ മുഖം എത്ര തവണയാണ് ഞങ്ങള്‍ കാണേണ്ടത്? നിങ്ങള്‍ക്ക് എത്ര രൂപമാണുള്ളത്? നിങ്ങള്‍ക്ക് രാവണനെപ്പോലെ നൂറ് തലകളുണ്ടോ?,’ എന്നാണ് ഖാര്‍ഗെ പറഞ്ഞത്.
ഇതിന് മറുപടിയുമായി മോദിയും എത്തി, ആര്‍ക്കാണ് മോദിയെ കൂടുതല്‍ അധിക്ഷേപിക്കാന്‍ കഴിയുക എന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഒരു മത്സരം തന്നെ നടക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി ഗുജറാത്തിലെ കലോലില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
‘ആര്‍ക്കാണ് മോദിയെ കൂടുതല്‍ അധിക്ഷേപിക്കാന്‍ കഴിയുക, ആര്‍ക്കാണ് ഏറ്റവും രൂക്ഷമായ ആക്രമണം നടത്താന്‍ കഴിയുക എന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഒരു മത്സരം തന്നെ നടക്കുന്നുണ്ട്,’ മോദി പറഞ്ഞു.
ഖാര്‍ഗെ ജീ എന്നെ രാവണനുമായി താരതമ്യം ചെയ്തു. ചിലര്‍ എന്നെ പിശാചെന്ന് വിളിക്കുന്നുവെന്നും ചിലരെന്നെ കൂറയെന്ന് വിളിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ 52 ശതമാനമായിരുന്നു പോളിങ്. ഡിസംബര്‍ അഞ്ചിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.
Content Highlight: The BJP’s and PM’s style of politics often lacks the spirit of democracy: Kharge