| Monday, 11th January 2021, 5:21 pm

'ബി.ജെ.പി ഒരു വാഷിംഗ് മെഷീനാണ്'; അഴിമതിക്കാരായ നേതാക്കളെ കഴുകിവെളുപ്പിച്ച് പുണ്യാത്മാക്കളായി മാറ്റുന്ന മെഷീനെന്ന് മമത ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ട്രംപ് അനുകൂലികളെപ്പോലെ പെരുമാറുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ട്രംപ് അനുകൂലികള്‍ യു.എസ് ക്യാപിറ്റോളിലുണ്ടാക്കിയ കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മമതയുടെ പ്രതികരണം.

‘തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോല്‍ക്കുന്ന ദിവസം പാര്‍ട്ടി പ്രവര്‍ത്തകര്‍ ട്രംപ് അനുകൂലികളെ പോലെയാകും പെരുമാറുക. എല്ലാ ചവറുകളും നിക്ഷേപിക്കാനുള്ള ഒരു പ്രസ്ഥാനമായി ബി.ജെ.പി മാറിക്കഴിഞ്ഞു. മറ്റ് പാര്‍ട്ടികളില്‍ നിന്ന് പുറത്താക്കപ്പെട്ടവരോ, സ്വഭാവദൂഷ്യമുള്ളവരോ, അഴിമതിക്കാരോ ആയ നേതാക്കളെ തങ്ങളുടെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയാണ് ബി.ജെ.പി ഇപ്പോള്‍ ചെയ്യുന്നത്’, മമത പറഞ്ഞു.

ബി.ജെ.പി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും ഇപ്പോള്‍ ഒരു വാഷിംഗ് മെഷീന്റെ ജോലിയാണ് പാര്‍ട്ടി ചെയ്യുന്നതെന്നും മമത പറഞ്ഞു. പല പാര്‍ട്ടികളില്‍ നിന്നെത്തിയ അഴിമതിക്കാരായ നേതാക്കളെ വെളുപ്പിച്ചെടുത്ത് മഹാന്‍മാരായും പുണ്യാത്മാക്കളായും അവതരിപ്പിക്കുകയാണ് ബി.ജെ.പിയുടെ പ്രധാന ജോലിയെന്നും മമത പറഞ്ഞു.

അതേസമയം ബംഗാള്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തൃണമൂലിനെതിരെ ശക്തമായ പ്രചാരണവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. തൃണമൂലില്‍ നിന്ന് പല നേതാക്കളും ബി.ജെ.പിയിലേക്ക് പോയതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിമാരടക്കമുള്ള തൃണമൂല്‍ നേതാക്കളുടെ രാജി പാര്‍ട്ടിക്ക് തലവേദയായിട്ടുണ്ട്. നേരത്തെ രാജിവെച്ച സുവേന്തു അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നത് മമതാ ബാനര്‍ജിക്ക് തിരിച്ചടിയായിരുന്നു.

സുവേന്തുവിനൊപ്പം തൃണമൂലില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നുമുള്ള പത്തോളം നേതാക്കളാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സുവേന്തുവിന്റെ സഹോദരനായ സൗമേന്തു അധികാരിയും 14 തൃണമൂല്‍ കൗണ്‍സിലര്‍മാരും കഴിഞ്ഞ ദിവസം ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു.

ബംഗാള്‍ മന്ത്രിയും തൃണമൂല്‍ നേതാവുമായ ലക്ഷ്മി രത്തന്‍ ശുക്ല കഴിഞ്ഞദിവസം രാജിവെച്ചതും വാര്‍ത്തയായിരുന്നു. ബംഗാള്‍ മന്ത്രി സഭയിലെ കായിക വകുപ്പ് സഹമന്ത്രിയാണ് ലക്ഷ്മി രത്തന്‍. മുന്‍ ക്രിക്കറ്റ് കളിക്കാരന്‍ കൂടിയാണ് അദ്ദേഹം.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനവും ലക്ഷ്മി രാജി വെച്ചിട്ടുണ്ട്. ഹൗറ ജില്ലാ അധ്യക്ഷനായിരുന്നു അദ്ദേഹം. അതേസമയം തൃണമൂല്‍ എം.എല്‍.എ സ്ഥാനം അദ്ദേഹം രാജി വെച്ചിട്ടില്ല.

മന്ത്രിയുടെ രാജിക്ക് പിന്നിലുള്ള കാരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ലക്ഷ്മി രത്തന്‍ രാഷ്ട്രീയരംഗത്ത് നിന്നും പിന്മാറാന്‍ പോകുകയാണെന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Mamatha Banerjee Slams BJP

We use cookies to give you the best possible experience. Learn more