ഭോപ്പാല്‍: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് തന്ത്രമറിയാന്‍ ആര്‍.എസ്.എസ് തന്നെ കോണ്‍ഗ്രസിലേക്ക് അയച്ചുവെന്ന് ബി.ജെ.പി നേതാവ് രാം കിഷോര്‍ ശുക്ല. കഴിഞ്ഞ ഒക്ടോബറില്‍ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവായ അഭിഷേക് ഉദയ്നിയയുടെ നിര്‍ദേശ പ്രകാരമാണ് കോണ്‍ഗ്രസിലേക്ക് പോയതെന്ന് രാം കിഷോര്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ മേവ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ രാം കിഷോര്‍ മത്സരിച്ചിരുന്നു. എന്നാല്‍ പരാജയപ്പെട്ട രാം കിഷോര്‍ തിരിച്ച് ബി.ജെ.പിയിലേക്ക് മടങ്ങുകയും ചെയ്തു.
രണ്ട് തവണ മേവില്‍ നിന്ന് വിജയിച്ച മുന്‍ എം.എല്‍.എ അന്തര്‍ സിങ് ദര്‍ബാറിന് സീറ്റ് നിഷേധിച്ചുകൊണ്ടായിരുന്നു രാം കിഷോറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ ഫലം വന്നപ്പോള്‍ 35,000 വോട്ടുകള്‍ക്ക് ബി.ജെ.പി സ്ഥാനാര്‍ഥി ഉഷ താക്കൂര്‍ മേവില്‍ ജയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാര്‍ട്ടി തിരിച്ചെടുക്കുമെന്ന ബി.ജെ.പി വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിലേക്ക് പോയതെന്നും രാം കിഷോര്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാം കിഷോറിന്റെ വെളിപ്പെടുത്തല്‍ സംസ്ഥാനത്ത് ബി.ജെ.പിക്കും കോണ്‍ഗ്രസിനും തിരിച്ചടിയുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. അതേസമയം രാം കിഷോറിന്റെ വെളിപ്പെടുത്തലിനോട് ബി.ജെ.പിയും കോണ്‍ഗ്രസും ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്നാല്‍ വെളിപ്പെടുത്തലിന് പിന്നാലെ രാം കിഷോറിനെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്ന് അന്തര്‍ സിങ് പറഞ്ഞു. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് രാം കിഷോര്‍ പറയുന്നതെന്നും ആര്‍.എസ്.എസ് നേതാവ് കൂട്ടിച്ചേര്‍ത്തു.
Content Highlight: The BJP leader said that the RSS sent him to the Congress to know the election strategy