സനാതന ധര്‍മവും മുസ്‌ലിങ്ങളും തമ്മിലുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്: ബി.ജെ.പി കൗണ്‍സിലര്‍
national news
സനാതന ധര്‍മവും മുസ്‌ലിങ്ങളും തമ്മിലുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്: ബി.ജെ.പി കൗണ്‍സിലര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th May 2024, 6:14 pm

ന്യൂദല്‍ഹി: സനാതന ധര്‍മവും മുസ്‌ലിങ്ങളും തമ്മിലുള്ള പോരാട്ടമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്ന് ബി.ജെ.പി നേതാവ് രവീന്ദര്‍ സിങ് നേഗി. ദല്‍ഹിയിലെ പ്രാദേശിക പാര്‍ക്കുകളില്‍ നടത്തിയ പ്രസംഗത്തിലാണ് പരാമര്‍ശം. പ്രസംഗത്തിന്റ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിദ്വേഷ പരാമര്‍ശം പുറത്തുവന്നത്.

തെരഞ്ഞെടുപ്പില്‍ മുസ്‌ലിം സ്ത്രീകള്‍ വ്യക്തമായ തീരുമാനങ്ങളോടെ സംഘടിച്ചാണ് വോട്ട് ചെയ്യുന്നത്. അതിന് സമാനമായി ഹിന്ദു സമുദായത്തിലെ സ്ത്രീകളും വോട്ട് ചെയ്യണമെന്നാണ് രവീന്ദര്‍ നേഗി പറഞ്ഞത്.

ബുര്‍ഖ ധരിച്ചുകൊണ്ടുള്ള മുസ്‌ലിം സ്ത്രീകള്‍ വോട്ട് ചെയ്യാന്‍ ക്യൂവില്‍ നില്‍ക്കുന്നതുപോലെ ഹിന്ദു വിഭാഗത്തില്‍ പെട്ടവരും വോട്ട് ചെയ്യാന്‍ പോളിങ് സ്റ്റേഷനില്‍ തിരക്കിട്ട് എത്തണമെന്നും നേഗി പറഞ്ഞു.


മറ്റുള്ളവരുടെ അവകാശങ്ങള്‍ തട്ടിയെടുത്ത് മുസ്‌ലിങ്ങള്‍ക്ക് നല്‍കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും രവീന്ദര്‍ നേഗി പറയുകയുണ്ടായി. ഹിന്ദുക്കളുടെ വീടുകള്‍ തട്ടിയെടുത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ മുസ്‌ലിങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും ബി.ജെ.പി കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു. ഈ പ്രശ്‌നങ്ങളെ തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വോട്ട് ചെയ്ത് വിജയിപ്പിക്കൂവെന്നും രവീന്ദര്‍ നേഗി വോട്ടര്‍മാരോട് പറഞ്ഞു.

ഇതിനുമുമ്പും രവീന്ദര്‍ സിങ് നേഗി ഇത്തരത്തില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ദല്‍ഹിയില്‍ നവരാത്രി സമയത്ത് ഇറച്ചി വില്‍ക്കുന്ന കടകളില്‍ റെയ്ഡ് നടത്താനും അനധികൃതമെന്ന് ആരോപിച്ച് കടകള്‍ പൂട്ടാനും നേഗി ഉത്തരവ് നല്‍കിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി സനാതന ധര്‍മത്തെ വലിയ ചര്‍ച്ച വിഷയമാക്കിയിരുന്നു. തമിഴ്‌നാട് യുവജനക്ഷേമ-കായികമന്ത്രി ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം ബി.ജെ.പി വിവാദമാക്കുകയും അദ്ദേഹത്തിനെതിരെ കേസ് നല്‍കുകയും ചെയ്തിരുന്നു.

സനാതന ധര്‍മങ്ങള്‍ മാറാരോഗങ്ങള്‍ പോലെ ഇല്ലാത്തവണമെന്നായിരുന്നു ഉദയനിധി പറഞ്ഞത്. സനാതന ധര്‍മത്തെ എതിര്‍ക്കുകയല്ല, മറിച്ച് ഡെങ്കിയും മലേറിയയും പോലെഇല്ലാതാക്കുകയാണ് വേണ്ടതെന്ന് എന്നായിരുന്നു ഉദയനിധിയുടെ പ്രസ്താവന.

വിഷയം ദേശീയ തലത്തില്‍വരെ ചര്‍ച്ചയാവുകയുണ്ടായി. ഉദയനിധി സ്റ്റാലിന്റേത് വംശഹത്യക്കുള്ള ആഹ്വാനമാണ് എന്ന ആരോപണവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

Content Highlight: The BJP leader said that the Lok Sabha elections are a fight between Sanatana Dharma and Muslims