| Wednesday, 2nd February 2022, 10:55 pm

തെരഞ്ഞെടുപ്പില്‍ ഭര്‍ത്താവിന് ടിക്കറ്റ് നിഷേധിച്ചതിന് പിന്നാലെ പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭര്‍ത്താവിന് പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കടന്നാക്രമിച്ച് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ അദിതി സിംഗ്.

റായ്ബറേലിയില്‍ നിന്നുള്ള മുന്‍ എം.എല്‍.എയായ അദിതി സിംഗ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയിലേക്ക് മാറിയത്. ഈ മാസം ആരംഭിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് അദിതി.

ഭര്‍ത്താവ് അംഗദ് സിംഗ് സൈനി പഞ്ചാബിലെ നവാന്‍ഷഹര്‍ മണ്ഡലത്തില്‍ നിന്നുള്ള നിലവിലെ കോണ്‍ഗ്രസ് എം.എല്‍.എയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുമുണ്ട്.

‘പ്രിയങ്ക ഒരു വശത്ത് സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി വാദിച്ച് മറുവശത്ത് ഞാന്‍ ബി.ജെ.പിയില്‍ പോയതിനെതിരെ എന്റെ ഭര്‍ത്താവിനെകൊണ്ട് സംസാരിപ്പിക്കുന്നു. എന്റെ ഭര്‍ത്താവിനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു ടിക്കറ്റ് നല്‍കണം,’ അദിതി സിംഗ് പറഞ്ഞു.

തന്റെ രാഷ്ട്രീയം കാപട്യം നിറഞ്ഞതാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞെന്നും അവള്‍ സ്ത്രീകളെ പിന്തുണയ്ക്കുന്നുവെങ്കില്‍ എന്തുകൊണ്ടാണ് പ്രിയങ്ക തന്റെ ഭര്‍ത്താവിന് മത്സരിക്കാന്‍ അവസരം നല്‍കാത്തതെന്നും അദിതി സിംഗ് ചോദിച്ചു.

പാര്‍ട്ടിയിലുള്ള തന്റെ പ്രവര്‍ത്തനങ്ങളെക്കാള്‍ തന്റെ വ്യക്തിജീവിതം അടിസ്ഥാനമാക്കിയാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കാതിരുന്നതെന്നാണ് അദിതി സിംഗിന്റെ ഭര്‍ത്താവ് അംഗദ് സിംഗ് സൈനി നേരത്തെ ആരോപിച്ചിരുന്നു.

‘പാര്‍ട്ടി എനിക്ക് ടിക്കറ്റ് നിഷേധിക്കുകയും എന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ എന്നെ നിര്‍ബന്ധിക്കുകയും ചെയ്തു. സ്വതന്ത്രനായാണ് ഞാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്, തന്റെ പ്രവര്‍ത്തനമല്ല, വ്യക്തിപരമായ ജീവിതമാണ് ദൗര്‍ഭാഗ്യകരം,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 60 വര്‍ഷത്തിനിടെ 13 തവണയാണ് സൈനിയുടെ കുടുംബത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ അവസരം നല്‍കിയിരുന്നത്.

സത്വീര്‍ സിംഗ് പാലി ജിക്കിയാണ് ഇത്തവണ നവാന്‍ഷഹറില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.


Content Highlights: The BJP leader mocked Priyanka Gandhi after her husband was denied a ticket in the election

We use cookies to give you the best possible experience. Learn more