സന്യാസിക്കെതിരെ ക്രൂരമർദനം; സ്വത്ത് തട്ടിയെടുക്കാൻ സ്വാമിയെ കൊലപ്പെടുത്താൻ ശ്രമിച്ചത് ബി.ജെ.പി ബന്ധമുള്ള ഭൂമാഫിയ സംഘമാണെന്ന് ആരോപണം
Kerala
സന്യാസിക്കെതിരെ ക്രൂരമർദനം; സ്വത്ത് തട്ടിയെടുക്കാൻ സ്വാമിയെ കൊലപ്പെടുത്താൻ ശ്രമിച്ചത് ബി.ജെ.പി ബന്ധമുള്ള ഭൂമാഫിയ സംഘമാണെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2024, 8:33 am

കൊല്ലം: കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി രാമാനന്ദഭാരതിയെ കൊലപ്പെടുത്താന്‍ ശ്രമം. ബി.ജെ.പി ഭൂമാഫിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. സ്വത്ത് തട്ടിയെടുക്കാനായി ബി.ജെ.പി മുൻ ജില്ലാ ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ഉയരുന്ന ആരോപണം.

മാരക ആയുധങ്ങളുമായി എത്തിയ സംഘം മുളകുപൊടിയെറിഞ്ഞ ശേഷമാണ് സന്യാസിയെ ആക്രമിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.  ആശ്രമ മുറിയില്‍ ഭാഗവതം വായിച്ചിരിക്കുകയായിരുന്ന സ്വാമിയെ കൊല്ലടാ അവനെ എന്ന് പറഞ്ഞുകൊണ്ട് ആക്രമണകാരികള്‍ മുളകുപൊടി എറിയുകയും മാരകായുധങ്ങളുമായി ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിനിടെ നിലത്തുവീണ സ്വാമിയുടെ ശരീരം മുഴുവന്‍ മുറിവേല്‍ക്കുകയായിരുന്നു.

സ്വാമിയുടെ നിലവിളി കേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും ആക്രമ സംഘം രക്ഷപ്പെടുത്തി. ആക്രമണത്തില്‍ പരിക്കേറ്റ സ്വാമി രാമാനന്ദഭാരതിയെ കൊട്ടാരക്കര പൊലീസ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

130 വര്‍ഷത്തിലധികം പഴക്കമുള്ള ആശ്രമത്തിന്റെ അധീനതയിലുള്ള സദാനന്ദപുരത്തെ 115 ഏക്കര്‍, ഭാരതീപുരത്തെ 41 ഏക്കര്‍, കൊട്ടാരക്കരയിലെ 13 ഏക്കര്‍, ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള 250 കിലോ വെള്ളി, അഞ്ച് കിലോ സ്വര്‍ണം, ആനക്കൊമ്പുകള്‍ തുടങ്ങിയവ കൈവശപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി മുന്‍ ജില്ലാ ഭാരവാഹിയുടെ നേതൃത്വത്തില്‍ തുടരെ ആക്രമണം നടത്തിയിരുന്നു.

നേരത്തെ സ്വാമിയെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താനും ഇവര്‍ ശ്രമിച്ചിരുന്നു. ഇവര്‍ക്കെതിരെ മുമ്പ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നതായും സ്വാമി പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സ്വാമി രാമാനന്ദഭാരതിയും ഒപ്പമുള്ള ചിതാനന്ദ സ്വാമിയും പൊലീസ് സുരക്ഷയില്‍ ആയിരുന്നു.

ആശ്രമത്തില്‍ കടന്നുകൂടിയ സംഘത്തെ പുറത്താക്കണമെന്നും ഭൂമാഫിയ സംഘവുമായി ചേര്‍ന്ന് ആശ്രമത്തിലെ സമാധാനന്തരീക്ഷം തകര്‍ത്തു ഭൂമി തട്ടിയെടുക്കാനുള്ള ശ്രമത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം എസ്. ഷാനവാസ്, ശശിധരന്‍പിള്ള, എം.അനോജ് കുമാര്‍, ബാലചന്ദ്രന്‍ എന്നിവരും മന്ത്രിയുടെ കൂടെ ഉണ്ടായിരുന്നു.

 

Content Highlight: The BJP land mafia group tried to kill the monk to grab the property