കൊച്ചി: ബി.ജെ.പി സംസ്ഥാന കോര്‍കമ്മറ്റി യോഗത്തില്‍ ഒറ്റപ്പെട്ട് കെ.സുരേന്ദ്രനും മുരളീധരപക്ഷവും. നേതൃത്വത്തിനോട് ഇടഞ്ഞ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ട് നിന്ന ശോഭ സുരേന്ദ്രനെതിരെ നടപടിയെടുക്കേണ്ടെന്ന് ബി.ജെ.പി കോര്‍കമ്മറ്റി തീരുമാനിച്ചു.
ശോഭയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും വി.മുരളീധരന്‍ പക്ഷവും ശക്തമായി വാദിച്ചെങ്കിലും കൃഷ്ണദാസ് പക്ഷവും കേന്ദ്ര നേതൃത്വവും മുതിര്‍ന്ന നേതാക്കളും ശോഭക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുകയായിരുന്നു.
ശോഭ സുരേന്ദ്രനെ തിരികെ എത്തിക്കാന്‍ സംസ്ഥാന പ്രഭാരി സി.പി രാധാകൃഷ്ണന്‍ ചുമതല ഏറ്റെടുത്തു. ശോഭയുടെ വിട്ടുനില്‍ക്കല്‍ ബി.ജെ.പി തെരഞ്ഞെടുപ്പില്‍ ഭീഷണിയായെന്നും പുറത്താക്കണമെന്നുമായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ വാദം.
എന്നാല്‍ 1200 സീറ്റില്‍ പരാജയപ്പെട്ടത് ശോഭ ഇറങ്ങാത്തത് കൊണ്ടാണെങ്കില്‍ സുരേന്ദ്രന്‍ രാജിവെച്ച് ശോഭയെ പ്രസിഡന്റാക്കണമെന്ന് എതിര്‍ പക്ഷം വാദിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു ജില്ലയുടെ പോലും ചുമതല നല്‍കാതെ അവരെങ്ങനെ പ്രവര്‍ത്തിക്കണമായിരുന്നു എന്ന് കേരളത്തിന്റെ ചുമതലയുളള പ്രഭാരി സി.പി രാധാകൃഷ്ണന്‍ ചോദിച്ചു എന്നാല്‍ ഇതിന് കെ സുരേന്ദ്രന്‍ മറുപടി പറഞ്ഞില്ല. തെരഞ്ഞെടുപ്പിലും അതിന് മുമ്പും എന്തായിരുന്നു അവര്‍ക്ക് ചുമതല, സംസ്ഥാന പര്യടനം നടത്തുന്ന നേതാക്കളുടെ പട്ടികയില്‍ ശോഭയെ ഉള്‍പ്പെടുത്തിയിരുന്നോ എന്നും സംസ്ഥാന പ്രഭാരി ചോദിച്ചു.
സുരേന്ദ്രനും വി. മുരളീധരനും തീരുമാനങ്ങള്‍ പാര്‍ട്ടിയില്‍ അടിച്ചേല്‍പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കൃഷ്ണദാസ് പക്ഷവും ശോഭ സുരേന്ദ്രന്‍ അനുകൂലികളും ആവശ്യപ്പെട്ടു.
നേരത്തെ കോര്‍കമ്മറ്റി യോഗത്തിന് മുമ്പായി ശോഭ സുരേന്ദ്രനെതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് കെ.സുരേന്ദ്രനും മുരളീധര പക്ഷ നേതാക്കളും യോഗം ചേര്‍ന്നിരുന്നു.
അതേസമയം മികച്ച അവസരം ഉണ്ടായിട്ടും തെരഞ്ഞെടുപ്പില്‍ നഷ്ടമാണ് ബി.ജെ.പിക്ക് ഉണ്ടായതെന്ന് കോര്‍കമ്മറ്റിയില്‍ വിമത പക്ഷം ചൂണ്ടികാട്ടി. ഒരു കേന്ദ്രമന്ത്രിയും മൂന്ന് എം.പിമാരും കേരളത്തിലുണ്ടായിട്ടും നല്ല ഫലമുണ്ടാക്കാന്‍ സാധിച്ചില്ല.
സംഘടന പ്രവര്‍ത്തനത്തില്‍ വ്യക്തിവിരോധം സംസ്ഥാന പ്രസിഡന്റ് പദവി വഹിക്കുന്നയാള്‍ക്ക് ചേര്‍ന്നതല്ലെന്നും കൃഷ്ണദാസ് പക്ഷവും ശോഭ സുരേന്ദ്രന്‍ പക്ഷവും ചൂണ്ടികാട്ടി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക