ന്യൂദല്‍ഹി: സ്മൃതി ഇറാനിയെ ഒരു തവണ മത്സരിപ്പിച്ച് മണ്ഡലത്തില്‍ പരിചയപ്പെടുത്തുകയും പിന്നീട് വീണ്ടും മത്സരിപ്പിച്ചുമാണ് അമേത്തി മണ്ഡലം കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പി പിടിച്ചെടുത്തത്. അതേ തരത്തില്‍ റായ്ബറേലിയിലും പരിചിതമായൊരു മുഖത്തെ കളത്തിലിറക്കി അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവുമോ എന്ന ആലോചനയിലാണ് ബി.ജെ.പി.
കോണ്‍ഗ്രസിന്റെ എക്കാലത്തെയും ശക്തി കേന്ദ്രമാണ് റായ്ബറേലി. സോണിയാ ഗാന്ധിയാണ് നിലവില്‍ റായ്ബറേലി എം.പി. സോണിയാ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ റായ്ബറേലിയില്‍ മത്സരിച്ചാല്‍ ശക്തമായ ഒരു മത്സരത്തിന് പറ്റിയ എതിരാളിയെ ബി.ജെ.പി കണ്ടെത്തിയിരിക്കുന്നത് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെയാണ്.
സംസ്ഥാനത്ത് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന കോണ്‍ഗ്രസിന്റെ 1000 ബസ്സുകള്‍ സംഭവത്തില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ അതിഥി സിങ് രംഗതെത്തിയതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തിയ ചര്‍ച്ചകള്‍ ആരംഭിച്ചത്. ഈ സമയത്ത് വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുത്. ആയിരം ബസ്സുകളുടെ പട്ടിക നല്‍കിയതില്‍ പകുതിയോളം ഇല്ലാത്തതാണ്. ഈ സമയത്ത് ഇത്തരം ക്രൂരമായ തമാശ ചെയ്യരുത് എന്നായിരുന്നു അതിഥി സിങിന്റെ വിമര്‍ശനം.
അതിഥി സിങിന്റെ പിതാവ് അഖിലേഷ് പ്രതാപ് സിങും എം.എല്‍.എയായിരുന്നു. നേരത്തെ സോണിയാ ഗാന്ധിക്കെതിരെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. പിന്നീട് കോണ്‍ഗ്രസിലേക്ക് മടങ്ങി വരികയായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക