ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നു ബി.ജെ.പി. മോദിയും യോഗിയും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണു വിശദീകരണവുമായി ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ രാധാ മോഹന്‍ സിങ് രംഗത്തെത്തിയത്.
യു.പിയില്‍ പാര്‍ട്ടി തലത്തിലോ സര്‍ക്കാര്‍ തലത്തിലോ നേതൃമാറ്റം ഉണ്ടാകേണ്ട ഒരു സാഹചര്യവും ഇല്ലെന്നും ഉത്തര്‍പ്രദേശിന്റെ ചുമതല വഹിക്കുന്ന രാധാ മോഹന്‍ സിങ് പറഞ്ഞു.
‘മാധ്യമ റിപ്പോര്‍ട്ടുകളില്‍ കഴമ്പില്ല. പ്രധാനമന്ത്രിയുടെ സ്വപ്നങ്ങള്‍ നടപ്പാക്കാന്‍ കഴിവുള്ള ആളാണു യോഗി ആദിത്യനാഥ്. സംസ്ഥാന സര്‍ക്കാരും ബി.ജെ.പിയും മികച്ച പ്രകടനമാണു കാഴ്ച വയ്ക്കുന്നത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്നു. അതിലാണു തല്‍ക്കാലം ശ്രദ്ധിക്കുന്നത്,’ മോഹന്‍ സിങ് പറഞ്ഞു.
യു.പിയില്‍ ബി.ജെപി. നേതൃത്വത്തില്‍ നിന്നു യോഗിയെ ഒഴിവാക്കണമെന്നു സംസ്ഥാന ഘടകത്തില്‍ ആവശ്യം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യോഗിയുടെ പിറന്നാള്‍ ദിനത്തില്‍ മോദിയും അമിത് ഷായും സമൂഹ മാധ്യമങ്ങളില്‍ ആശംസകള്‍ അറിയിക്കാതിരുന്നതും വലിയ വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണു വിഷയത്തില്‍ ബി.ജെ.പിയുടെ ഔദ്യോഗിക വശദീകരണം.