| Thursday, 16th December 2021, 8:51 am

വയനാടിനെ കേന്ദ്രഭരണപ്രദേശമാക്കാനുള്ള ആവശ്യത്തെ പിന്തുണയ്ക്കും: ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പറ്റ: വയനാട് ജില്ലയെ കേന്ദ്രഭരണപ്രദേശമാക്കണമെന്നുള്ള ആവശ്യം ഉയര്‍ന്നാല്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി.

വയനാടിന്റെ വികസനം അട്ടിമറിക്കുന്നതില്‍ ഇടത്-വലത് മുന്നണികള്‍ ഒറ്റക്കെട്ടാണെന്ന് കാണിച്ച് ചില സംഘടനകള്‍ വയനാടിനെ കേന്ദ്രഭരണപ്രദേശമാക്കണെമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ക്ക് പിന്തുണയുമായി ബി.ജെ.പി. രംഗത്തെത്തിയിരിക്കുന്നത്.

വയനാട് ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കന്‍ ഇരു മുന്നണികള്‍ക്കുമായില്ലെന്നും വയനാടിനെ അവഗണിക്കുന്ന നിലപാടാണ് മുന്നണികള്‍ കൈക്കൊള്ളുന്നതെന്നും ബി.ജെ.പി ജില്ലാ ഘടകം കുറ്റപ്പെടുത്തി. വാര്‍ത്താ സമ്മേളനത്തിലായിരുന്നു ബി.ജെ.പി നേതാക്കളുടെ വിമര്‍ശനം.

വികസനം ആഗ്രഹിക്കുന്ന ജില്ല എന്ന നിലയ്ക്കാണ് ബി.ജെ.പിയും കേന്ദ്രവും വയനാടിനെ നോക്കിക്കാണുന്നതെന്നും അക്കാരണം കൊണ്ടാണ് വയനാടിനെ ആസ്പിരേഷന്‍ ജില്ലയായി പരിഗണിച്ചതെന്നും ബി.ജെ.പി പറഞ്ഞു. എന്നാല്‍ ഇത് എങ്ങനെ അട്ടിമറിക്കണമെന്ന ഗവേഷണത്തിലാണ് പിണറായി സര്‍ക്കാരെന്നും അവര്‍ കുറ്റപ്പെടുത്തി.

വയനാടിന്റെ വികസനത്തിന് രാഹുല്‍ ഗാന്ധി എം.പി ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ കോളേജ് വിഷയം, രാത്രിയാത്രാ നിരോധനം, ബഫര്‍ സോണ്‍, റെയില്‍വേ, ബദല്‍പാത, വന്യജീവി സംഘര്‍ഷം, കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ച, ആദിവാസികളുടെ നിലനില്‍പ്, തെഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ വയനാട്ടിലെ ജനങ്ങളെ സമരമുഖങ്ങളിലെത്തിക്കുമെന്നും അവര്‍ പറഞ്ഞു.

തലശ്ശേരി- മൈസൂരു റെയില്‍പാതയുടെ പേരില്‍ കോടികള്‍ മുടക്കി നടത്തിയ ഹെലിബോണ്‍ സര്‍വേ തട്ടിപ്പാണെന്നും നേതാക്കള്‍ ആരോപിച്ചു. ബാനര്‍ വെച്ച് ജില്ലാ ആശുപത്രിയ മെഡിക്കല്‍ കോളേജ് ആക്കിയാല്‍ പോരെന്നും മടക്കിമലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്നും ബി.ജെ.പി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: The BJP has announced its support for the demand to make Wayanad a Union Territory

We use cookies to give you the best possible experience. Learn more