| Saturday, 5th June 2021, 1:18 pm

സുന്ദരയ്ക്ക് പണം നല്‍കിയെന്ന ആരോപണം സി.പി.ഐ.എം- മുസ്‌ലിം ലീഗ് ഗൂഢാലോചനയെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: പത്രിക പിന്‍വലിക്കാന്‍ ബി.ജെ.പി. നേതാക്കാള്‍ പണം നല്‍കിയെന്ന കെ. സുന്ദരയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് ബി.ജെ.പി. സുന്ദരയ്ക്ക് പണം നല്‍കിയിട്ടില്ലെന്നും ആരോപണം സി.പി.ഐ.എം- മുസ്‌ലിം ലീഗ് ഗൂഢാലോചനയാണെന്നും ബി.ജെ.പി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് പറഞ്ഞു. ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഞ്ചേശ്വരം മണ്ഡലത്തില്‍ തന്റെ സ്വാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനായി പത്രിക പിന്‍വലിക്കാന്‍ ബി.ജെ.പി. നേതൃത്വം തനിക്ക് രണ്ട് ലക്ഷം രൂപ നല്‍കിയെന്ന് കെ. സുരേന്ദ്രനെതിരെ മത്സരിച്ച കെ. സുന്ദര വെളിപ്പെടുത്തിയിരുന്നു. 15 ലക്ഷമാണ് ആദ്യം വാഗ്ദാനം നല്‍കിയതെന്നും എന്നാല്‍ അതില്‍ രണ്ട് ലക്ഷം മാത്രമാണ് തനിക്ക് ലഭിച്ചതെന്നും കെ. സുന്ദര പറഞ്ഞിരുന്നു.

ബി.ജെ.പി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും പണം ബി.ജെ.പി നേതാക്കള്‍ വീട്ടിലെത്തി അമ്മയുടെ കയ്യില്‍ കൊടുത്തുവെന്നും സുന്ദര പറഞ്ഞു. കെ. സുരേന്ദ്രന്‍ ജയിച്ചാല്‍ കര്‍ണാടകത്തില്‍ വൈന്‍ പാര്‍ലറും പുതിയ വീടും നല്‍കാമെന്നും വാഗ്ദാനമുണ്ടായിരുന്നതായി സുന്ദര പറഞ്ഞു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായി സുന്ദര നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. പിന്നീട് ഇദ്ദേഹം പത്രിക പിന്‍വലിക്കുകയായിരുന്നു. പത്രിക പിന്‍വലിക്കുന്നതിന്റെ തലേദിവസം സുന്ദരയെ കാണാനില്ലെന്ന് പറഞ്ഞ് ബി.എസ്.പി നേതൃത്വം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് മാധ്യമങ്ങളെ കണ്ട് താന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് സുന്ദര പ്രഖ്യാപിക്കുകയായിരുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സുന്ദരയ്യ 467 വോട്ടുകളാണ് നേടിയത്. ബി.എസ്.പി സ്ഥാനാര്‍ത്ഥിയായാണ് കെ. സുന്ദര മത്സരിച്ചത്. അന്ന് 89 വോട്ടിനാണ് കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: The BJP has accused Sundara of giving money to a CPI (M) -Muslim League conspiracy

We use cookies to give you the best possible experience. Learn more