| Wednesday, 12th April 2023, 6:40 pm

മണിപ്പൂരില്‍ ബി.ജെ.പി സര്‍ക്കാര്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ പൊളിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഈസ്റ്റര്‍ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ ചര്‍ച്ച് സന്ദര്‍ശിച്ചതിന് പിന്നാലെ, ഭരണം കയ്യാളുന്ന മണിപ്പൂരില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ പൊളിച്ച് ബി.ജെ.പി സര്‍ക്കാര്‍.

ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത നിര്‍മാണം നടത്തിയെന്നാരോപിച്ചാണ് പള്ളികള്‍ പൊളിച്ചുമാറ്റിയതെന്ന് നോര്‍ത്ത് ഈസ്റ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ഒരു പള്ളി 1974ല്‍ സ്ഥാപിതമായതാണ്.

ഇവാന്‍ജലിക്കല്‍ ബാപ്റ്റിസ്റ്റ്‌ കണ്‍വെന്‍ഷന്‍ ചര്‍ച്ച്, ഇവാന്‍ജലിക്കല്‍ ലൂഥറന്‍ ചര്‍ച്ച്, കാത്തലിക് ഹോളി സ്പിരിറ്റ് ചര്‍ച്ച് എന്നീ പള്ളികളാണ് തകര്‍ക്കപ്പെട്ടതെന്ന് ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വന്‍ പൊലീസ്  സാന്നിധ്യത്തിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ പൊളിക്കല്‍ നടപടികള്‍ നടത്തിയത്. കുടിയൊഴിപ്പിക്കല്‍ നടപടിക്കെതിരായ തല്‍സ്ഥിതി ഉത്തരവ് മണിപ്പൂര്‍ ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ബി.ജെ.പി സര്‍ക്കാര്‍ പള്ളികള്‍ പൊളിച്ചു നീക്കിയത്.

പൊളിക്കല്‍ നടപടി കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ബിരേന്‍ സിങ് വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ തയ്യാറായില്ല.

മണിപ്പൂരിലെ ജനസംഖ്യയില്‍ 41 ശതമാനവും ക്രിസ്ത്യാനികളാണ്. അധികൃതര്‍ പള്ളികള്‍ പൊളിച്ച ശേഷം പ്രദേശത്തെത്തിയ വിശ്വാസികള്‍ പള്ളികളുടെ അവശിഷ്ടങ്ങള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥന നടത്തി.

‘1974ല്‍ സ്ഥാപിതമായതാണ് ഇതില്‍ ഒരു പള്ളി, അതായത് 49 വര്‍ഷം മുമ്പ്. 2020 ഡിസംബര്‍ 24നാണ് ആദ്യത്തെ ഒഴിപ്പിക്കല്‍ നോട്ടീസ് വന്നത്. എന്നാല്‍ തല്‍സ്ഥിതി തുടര്‍ന്നു പോകാന്‍ ഹൈക്കോടതി അനുവദിച്ചതോടെ 2-3 വര്‍ഷം പ്രശ്‌നങ്ങളില്ലാതെ പോയി. 2023 ഏപ്രിലില്‍ തത്സ്ഥിതി ഉത്തരവ് എടുത്തുമാറ്റിയതോടെയാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്,’ പാസ്റ്ററായ നെഗ്‌സാഹൗ വി ഹൗപി പറഞ്ഞു.

ഏതെങ്കിലും വ്യക്തികളുടെയോ സംഘടനകളുടെയോ സ്വകാര്യ താത്പര്യങ്ങളെ മുന്‍നിര്‍ത്തിയല്ല പള്ളികള്‍ നിര്‍മിച്ചത് എന്നതിനാല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ അവ പൊളിക്കരുതായിരുന്നുവെന്ന് മറ്റൊരു വൈദികന്‍ പറഞ്ഞു.

Content Highlights: The BJP government demolished three Christian churches in Manipur

We use cookies to give you the best possible experience. Learn more