ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞ സംഭവം ദേശീയ തലത്തില്‍ തന്നെ വിവാദമാകുമ്പോള്‍, മോദിയെ തടഞ്ഞത് ബി.ജെ.പിക്കാര്‍ തന്നെയാണോ എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ.
ഇന്ത്യാ റ്റുഡേ നല്‍കിയ വാര്‍ത്തയില്‍ മോദിയുടെ വാഹനവ്യൂഹത്തിനെതിരെ ഒരു ബസ് വരികയും പ്രധാനമന്ത്രിക്ക് കടന്നുപോകാനാവതെ തടസപ്പെടുന്നതുമായ ഒരു ദൃശ്യമുണ്ട്.
അതില്‍ ബി.ജെ.പിയുടെ കൊടിയും കാണുന്നുണ്ട്. ഈ ദൃശ്യം മുന്‍നിര്‍ത്തിയാണ് മോദിയെ തടഞ്ഞത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണോ എന്ന ചോദ്യം സമൂഹ മാധ്യമങ്ങള്‍ ഉന്നയിക്കുന്നത്.
കര്‍ഷകര്‍ പ്രതിഷേധിച്ചപ്പോഴേക്കും മോദി പിരിഞ്ഞുപോയതെന്താണ്? മോദിയെ കര്‍ഷകര്‍ തടഞ്ഞു, സുരക്ഷാ പ്രശ്‌നം എന്നൊക്കെ പറഞ്ഞ് ബി.ജെ.പി ഇതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഈ നാടകമെന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നുണ്ട്.
അതേസമയം, വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സമയക്രമവും യാത്രാ പദ്ധതിയും പഞ്ചാബ് സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നെന്നും നടപടിക്രമം അനുസരിച്ച് സുരക്ഷയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ അവര്‍ ചെയ്യേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
അടിയന്തരമായി യാത്ര മാറ്റിയാല്‍ തന്നെ അത് കണക്കിലെടുത്ത് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കേണ്ടിയിരുന്നെന്നും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടിയിരുന്നെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കങ്ങള്‍ നടത്തുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബി.ജെ.പിയും ആരോപിച്ചു. സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയും രംഗത്തെത്തി. വിഷയം പറയാനായി മുഖ്യമന്ത്രിയെ ഫോണ്‍ ചെയ്തിരുന്നെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ലെന്നും നദ്ദ ആരോപിച്ചു.
‘പഞ്ചാബിന് ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കാനായി എത്തിയ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തടസ്സപ്പെട്ടതില്‍ ദുഃഖമുണ്ട്. റാലിയില്‍ ആളുകള്‍ പങ്കെടുക്കുന്നത് തടയാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. വിഷയം സംസാരിക്കാനായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി ചന്നി അതിന് വിസമ്മതിച്ചു’, നദ്ദ ട്വീറ്റ് ചെയ്തു.
റാലിയില്‍ പങ്കെടുക്കാന്‍ പോകവേ കര്‍ഷകര്‍ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു.
ജീവനോടെ തിരികെയെത്തിയതിന് മുഖ്യമന്ത്രിയോട് നന്ദി പറയണമെന്നായിരുന്നു മോദി പറഞ്ഞത്. സംഭവത്തില്‍ മോദി ഉദ്യോഗസ്ഥരോട് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഭട്ടിന്‍ഡയില്‍ തിരികെ എത്തിയപ്പോഴാണ് മോദി ഇക്കാര്യം പറഞ്ഞത്.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു നരേന്ദ്രമോദിയെ കര്‍ഷകര്‍ റോഡില്‍ തടഞ്ഞ് പ്രതിഷേധിച്ചത്. പഞ്ചാബില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്തിയെ മോദിയെ ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്‌ളൈ ഓവറില്‍ കര്‍ഷകര്‍ തടയുകയായിരുന്നു.
പതിനഞ്ച് മിനിറ്റോളം കര്‍ഷകരുടെ പ്രതിഷേധത്തിനെ തുടര്‍ന്ന് പ്രധാനമന്ത്രിയും സംഘവും ഫ്‌ളൈഓവറില്‍ കുടുങ്ങി. തുടര്‍ന്ന് പഞ്ചാബില്‍ നടത്താനിരുന്ന മോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി.
മോശം കാലാവസ്ഥയെ തുടര്‍ന്നാണ് റാലി റദ്ദാക്കിയതെന്നാണ് നല്‍കുന്ന വിശദീകരണം. ഞായറാഴ്ച ലഖ്‌നൗവില്‍ നടത്താനിരുന്ന റാലിയും റദ്ദാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞതില്‍ പഞ്ചാബിന് വന്‍ സുരക്ഷാ വീഴ്ച ഉണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ഹെലികോപ്റ്റര്‍ മാര്‍ഗം പോകാനായിരുന്നു ആദ്യം മോദി ശ്രമിച്ചത്. എന്നാല്‍ മഴയെ തുടര്‍ന്ന് റോഡ് മാര്‍ഗം യാത്ര തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. റോഡ് മാര്‍ഗം പോകാന്‍ കഴിയുമെന്ന പഞ്ചാബ് പൊലീസിന്റെ ഉറപ്പിനെ തുടര്‍ന്നാണ് യാത്ര തിരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം, കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിന് ശേഷം ആദ്യമായിട്ടായിരുന്നു മോദി പഞ്ചാബിലെത്തിയത്.
എന്നാല്‍ തെരഞ്ഞെടുപ്പ് റാലിക്ക് മുമ്പ് ഫിറോസ്പൂരിലെ വേദിയിലേക്ക് നയിക്കുന്ന മൂന്ന് അപ്രോച്ച് റോഡുകള്‍ കിസാന്‍ മസ്ദൂര്‍ സംഗ്രാഷ് കമ്മിറ്റി (കെ.എം.എസ്.സി) അംഗങ്ങള്‍ തടഞ്ഞിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് ജനുവരി 15 ന് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: The BJP flag is being discussed in the scenes where the Prime Minister’s convoy is blocked