| Wednesday, 28th February 2024, 7:40 am

കോണ്‍ഗ്രസ് വിളിച്ചത് നസീര്‍ സാബ് സിന്ദാബാദ് എന്ന്; ബി.ജെ.പി വളച്ചൊടിച്ചത് പാകിസ്ഥാന്‍ സിന്ദാബാദ് എന്നും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നസീര്‍ ഹുസൈനുമായി അണികള്‍ നടത്തിയ ആഹ്ലാദ പ്രകടനത്തെ വളച്ചൊടിച്ച് ബി.ജെ.പി.

ആഹ്ലാദ പ്രകടനത്തിനിടക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചതായി ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തെ തുടര്‍ന്ന് നസീര്‍ സാബ് സിന്ദാബാദ് എന്നായിരുന്നു പ്രവര്‍ത്തകര്‍ വിളിച്ചത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്നാണ് വിളിച്ചതെന്ന് ചൂണ്ടിക്കാട്ടി അമിത് മാളവ്യ എക്‌സില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ‘പാകിസ്ഥാനോടുള്ള കോണ്‍ഗ്രസിന്റെ അഭിനിവേശം അപകടകരമാണ്. ഇത് രാജ്യത്തെ വിഭജനത്തിലേക്ക് നയിക്കും. നമുക്ക് അത് താങ്ങാന്‍ കഴിഞ്ഞില്ലെന്ന് വരാം,’ എന്ന് അമിത് മാളവ്യ എക്‌സില്‍ കുറിച്ചു.

അതേസമയം അമിത് മാളവ്യക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് രംഗത്തെത്തി. നസീര്‍ സാബ് സിന്ദാബാദ് എന്നതിനെ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് വളച്ചൊടിച്ചുവെന്നും മാനസികമായി തകര്‍ച്ച നേരിട്ടതിന്റെ ഭാഗമായാണ് ബി.ജെ.പി നേതാക്കള്‍ ഇത്തരത്തില്‍ സംസാരിക്കുന്നതെന്നും ശ്രീനിവാസ് പറഞ്ഞു. ഇത് നിങ്ങളുടെ ഭാവനയിലുള്ള രാജ്യമല്ലെന്നും ലജ്ജയില്ലാതെ കള്ളം പറയുന്നത് നിര്‍ത്തണമെന്നും ബി.വി. ശ്രീനിവാസ് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ നാല് രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. നസീര്‍ ഹുസൈന് പുറമെ അജയ് മാക്കന്‍, ജി.സി. ചന്ദ്രശേഖര്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ ടിക്കറ്റില്‍ വിജയിച്ചത്. ഒരു സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ നാരായണ കെ. ഭണ്ഡാഗെയും ജയിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ നസീര്‍ ഹുസൈനിന്റെ വിജയം പാര്‍ട്ടി നേതൃത്വത്തെ സംസ്ഥാനത്ത് കൂടുതല്‍ ശക്തമാക്കുകയാണ്.

Content Highlight: The BJP distorted the jubilant demonstration held by the ranks of Congress candidate Nazir Hussain who won the Karnataka Rajya Sabha elections

We use cookies to give you the best possible experience. Learn more