| Wednesday, 3rd March 2021, 9:33 pm

'സി.പി.ഐ.എം ബ്രാഞ്ച് കമ്മറ്റി ഓഫീസ് ഏറ്റെടുത്തെന്ന് ബി.ജെ.പി; വിശദീകരണവുമായി സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: സി.പി.ഐ.എം ബ്രാഞ്ച് കമ്മറ്റി ഓഫീസ് എറ്റെടുത്തെന്ന് ബി.ജെ.പി പ്രചരണം. പത്തനംതിട്ട പെരുനാട് ലോക്കല്‍ കമ്മറ്റി ഓഫീസാണ് ബി.ജെ.പി ഏറ്റെടുത്തെന്ന് പ്രചാരണം ഉണ്ടായത്.

ഇതിന് പിന്നാലെ യു.ഡി.എഫും സി.പി.ഐ.എമ്മിനെ പരിഹസിച്ച് രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ വിശദീകരണവുമായി സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി സെക്രട്ടറി രംഗത്ത് എത്തി.

പ്രചാരണത്തിന് പിന്നില്‍ ബി.ജെ.പിയുടെ കലാപ ശ്രമമാണെന്നാണ് സി.പി.ഐ.എം പെരുനാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി റോബിന്‍ കെ തോമസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.

ബി.ജെ.പി മെമ്പറായ അരുണ്‍ അരവിന്ദിന്റെ അച്ഛന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള കമ്മറ്റി ഓഫീസ് കെട്ടിടം ഒഴിയാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒഴിയുകയാണ് ഉണ്ടായതെന്നും റോബിന്‍ പറയുന്നു.

സംഭവത്തെ കുറിച്ച് പ്രസ്താവനയില്‍ പറയുന്നത് ഇങ്ങനെയാണ്,

‘കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുനാട്ടിലെ സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ സമൂഹമാധ്യമങ്ങള്‍ വഴി ബി.ജെ.പി നേതാക്കള്‍ വ്യാജ അക്കൗണ്ട് വഴി പ്രചാരണം നടത്തിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം പെരുനാട്ടില്‍ പി.എസ് മോഹനന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് ഭരണ സമിതി അധികാരത്തില്‍ വന്നു. ഇതില്‍ വിറളിപൂണ്ട ബി.ജെ.പി നേതാക്കള്‍ വ്യാജ പ്രൊഫൈലുകള്‍ വഴി പഞ്ചായത്ത് പ്രസിഡന്റിനും നേതാക്കള്‍ക്കും കുടുംബങ്ങള്‍ക്കുമെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഇതിനെതിരെ പെരുനാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളതാണ്.

കഴിഞ്ഞ ഞായറാഴ്ച പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം നടത്തിയിരുന്നു. യോഗത്തില്‍ എണ്ണൂറോളം ആളുകള്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്ത ശേഷം മോഹനന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പോകാന്‍ നില്‍ക്കുമ്പോള്‍ ബി.ജെ.പി കക്കാട് വാര്‍ഡ് മെമ്പര്‍ മദ്യപിച്ച് യോഗ സ്ഥലത്ത് എത്തുകയും മോഹനനെ അസഭ്യം പറയുകയും ചെയ്തു. പോലീസ് ഇടപെട്ട് മെമ്പര്‍ അരുണിനെ മാറ്റിക്കൊണ്ടുപോയിട്ടും ഇയാള്‍ അസഭ്യം പറച്ചില്‍ തുടര്‍ന്നു. സംഭവം അറിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു.

വിഷയത്തെത്തുടര്‍ന്ന് സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ആയി ഉപയോഗിച്ചിരുന്ന അരുണ്‍ അനിരുദ്ധിന്റെ പിതാവിന്റെ അനിയന്റെ കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ടു. ശേഷം കെട്ടിടം ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. തുടര്‍ന്ന് ബി.ജെ.പി കടമുറിക്കു മുന്നില്‍ യോഗം ചേര്‍ന്നു. പിന്നാലെ സി.പി.ഐ.എം ഓഫീസ് ബി.ജെ.പി ഏറ്റെടുത്തു എന്ന തരത്തില്‍ പ്രചാരണം നടത്തുകയായിരുന്നു എന്നും പ്രസ്താവനയില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: The BJP claims to have taken over the CPI (M) branch committee office, CPIM with explanation

We use cookies to give you the best possible experience. Learn more