| Thursday, 2nd March 2023, 8:27 am

രാജ്യത്തെ ഏറ്റവും വലിയ അപകടം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗ്രീക്ക് ഗതാഗതമന്ത്രി രാജി വെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാരിസ: ഗ്രീസിലെ ലാരിസ നഗരത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ട്രെയിന്‍ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണകൂടം. അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും മാറിനില്‍ക്കാനാകില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി കോസ്റ്റാസ് കരമാന്‍ലിസ് രാജി വെച്ചു.

രാജ്യത്ത് വലിയ ഒരു അപകടം സംഭവിക്കുമ്പോള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോസ്റ്റാസ് കരമാന്‍ലിസ് രാജി വെച്ചത്.

അപകടം അപ്രതീക്ഷിതമായിരുന്നുവെന്നും സംഭവത്തെ അപലപിക്കുന്നുവെന്നും ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്‌സോട്ടാക്കിസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വീഴ്ചയെ കുറിച്ച് അന്വേഷിക്കുമെന്നും ഇത്തരത്തില്‍ ഒരു ദുരന്തം ഇനിയുണ്ടാകാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരേ ട്രാക്കിലൂടെ രണ്ട് ട്രെയിനുകള്‍ ഒരേ സമയം ഇടിച്ച് കയറിയതാണ് അപകട കാരണമെന്ന് ഗവര്‍ണര്‍ കോണ്‍സ്റ്റാന്റിനോസ് അഗോരസ്‌റ്റോസും വ്യക്തമാക്കി.

ആഥന്‍സില്‍ നിന്നും തെസലോന്‍സ്‌കിയിലേക്ക് സഞ്ചരിച്ച യാത്രാവണ്ടിയും ലാരിസയിലേക്ക് പോവുകയായിരുന്ന ചരക്കുവണ്ടിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. യാത്രാ ട്രെയിനില്‍ ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ ലാരിസ സ്റ്റേഷന്‍ മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു.

നിലവില്‍ അപകടത്തെത്തുടര്‍ന്ന് 36 പേര്‍ മരിച്ചു. എന്നാല്‍ മരണ സംഖ്യ കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുമുണ്ട്.

ട്രെയിനുകള്‍ തമ്മിലുള്ള ഇടിയുടെ ആഘാതത്തില്‍ നാലു ബോഗികള്‍ പാളം തെറ്റുകയായിരുന്നു. ആദ്യത്തെ രണ്ട് ബോഗികളും തീകത്തി നശിച്ചു. 350 യാത്രക്കാരായിരുന്നു ട്രെയിനില്‍ ഉണ്ടായിരുന്നത്. അതില്‍ 250 ഓളം യാത്രക്കാരെ രക്ഷിച്ചുവെന്ന് സുരക്ഷാസേന അറിയിച്ചു.

യാത്രക്കാരുടെ നിലവിളികേട്ടാണ് ഓടിയെത്തിയതെന്ന് സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരും പറഞ്ഞു. രക്ഷാപ്രവര്‍ത്തനം കഠിനമായിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞത്.

കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും യുവാക്കളാണെന്ന് ലാരിസ ആശുപത്രിയിലെ അത്യാഹിത വിഭാഗം മേധാവി അപ്പോസ്റ്റോലോസ് കോംനോസ് വ്യക്തമാക്കി.

content highlight: The biggest danger in the country; The Greek transport minister resigned after taking responsibility.

We use cookies to give you the best possible experience. Learn more