ഉത്തരവ് ലംഘിച്ച് ഭോജ്ശാല പള്ളിയില്‍ സര്‍വേ നടത്തിയതില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം
national news
ഉത്തരവ് ലംഘിച്ച് ഭോജ്ശാല പള്ളിയില്‍ സര്‍വേ നടത്തിയതില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd January 2025, 9:20 am

ന്യൂദല്‍ഹി: ആരാധനാലയങ്ങളിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് ലംഘിച്ച് മധ്യപ്രദേശ് ഭോജ്ശാല- കമാല്‍ പള്ളിയില്‍ സര്‍വേ നടത്തിയതിനെ വിമര്‍ശിച്ച് സുപ്രീ കോടതി. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട അവകാശവാദങ്ങളില്‍ കോടതി ഉത്തരവ് ഉണ്ടാവുന്നത് വരെ പുതിയ കേസെടുക്കരുതെന്നും നടപടികളുണ്ടാവരുതെന്നുമുള്ള ഉത്തരവ് ലംഘിച്ചതിനെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കോടതി ഉത്തരവ് ലംഘിച്ചെന്ന് കാണിച്ച് മൗലാനാ കമാലുദ്ദീന്‍ വെല്‍ഫെയര്‍ സൊസൈറ്റി നല്‍കിയ കോടതിയലക്ഷ്യ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജസ്റ്റിസ് ഹൃഷികേശ് മുഖര്‍ജി, എസ്.വി.എന്‍. ഭട്ടി എന്നിവരംഗങ്ങളായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ സര്‍വേയില്‍ പള്ളിക്കടിയില്‍ ക്ഷേത്രാവശിഷ്ടമുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സുപ്രീം കോടതിയുടെ ഡിസംബര്‍ 12ലെ ഉത്തരവ് ലംഘിച്ച് മധ്യപ്രദേശ് ഭോജ്ശാല പള്ളിയില്‍ സര്‍വേ നടത്തിയ നടപടി തെറ്റാണെന്നും വിഷയം 1991ലെ ആരാധനാല സംരക്ഷണ നിയമത്തിന്റെ സാധുത പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് മുമ്പാകെ പരിഗണിക്കുമെന്നും ബെഞ്ച് അറിയിച്ചു.

ഉദ്ഖനനം പാടില്ലെന്ന് സുപ്രീം കോടതിയുടെ ഡിസംബര്‍ 12ലെ ഉത്തരവില്‍ പറയുന്നുണ്ടെന്നും ഭോജ്ശാല പള്ളിയില്‍ സര്‍വേ നടത്തി ഇത് ലംഘിച്ചുവെന്ന് ഹാജരാക്കിയ ചിത്രങ്ങളില്‍ നിന്ന് മനസിലാക്കുന്നുവെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടാന്‍ രജിസ്ട്രിയോട് നിര്‍ദേശിക്കുമെന്നും തീര്‍പ്പുകല്‍പ്പിക്കാത്ത മറ്റ് വിഷയങ്ങളുമായി ടാഗ് ചെയ്യുമെന്നും ബെഞ്ച് വ്യക്തമാക്കി.

അതേസമയം ഭോജ്ശാല വിഷയം ഡിസംബര്‍ 12ലെ ഉത്തരവില്‍ ഉള്‍പ്പെടില്ലെന്നായിരുന്നു ഹിന്ദു സംഘടനകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിഷ്മു ശങ്കര്‍ ജെയിനിന്റെ വാദം.

മുസ്ലിം പള്ളികളില്‍ സര്‍വേകള്‍ക്ക് ഉത്തരവുകള്‍ നല്‍കാന്‍ പാടില്ലെന്നും ഹരജികള്‍ വന്നാല്‍ അവയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്നും ഇനി ഒരറിയിപ്പുണ്ടാവുന്നത് വരെ ഉത്തരവ് നിലനില്‍ക്കുമെന്നും സുപ്രീം കോടതി ഡിസംബര്‍ 12ലെ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. ഗ്യാന്‍വ്യാപി മസ്ജിദ്, മഥുര ഷാഹി മസ്ജിദ്, സംഭാല്‍ ജുമാ മസ്ജിദ് തുടങ്ങി തീര്‍പ്പുകല്‍പ്പിക്കാത്ത ഹരജികളില്‍ കോടതികള്‍ സര്‍വേയ്ക്കുള്ള ഉത്തരവുകളും അന്തിമ ഉത്തരവുകളും പുറപ്പെടുവിക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.

Content Highlight: The Bhojshala mosque was surveyed in violation of the order; Supreme Court criticism of Archaeological Survey of India