കോഴിക്കോട്: ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയതിന് പിന്നാലെ വീണ്ടും ചര്‍ച്ചയായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കുടിയേറ്റ, തൊഴിലാളി വിരുദ്ധ പരാമര്‍ശം. ഇതരസംസ്ഥാന തൊഴിലാളികളെ ആട്ടിയോടിക്കണമെന്നും തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കുറയ്ക്കുന്നതിനെ കുറിച്ചും പരാമര്‍ശിക്കുന്ന വീഡിയോയാണ് നിലവില്‍ പ്രചരിക്കുന്നത്.
ആദ്യം ബംഗാളികളെ അടിച്ചോടിക്കണമെന്നും പിന്നെന്തിനാണ് ഇവിടുത്തെ ആളുകള്‍ പട്ടിണിയാണെന്ന് പറയുന്നതെന്നും ചോദിച്ച സുരേഷ് ഗോപി തന്റെ പറമ്പ് വൃത്തിയാക്കാന്‍ 1300 രൂപയോളമാണ് വാങ്ങിയതെന്നും വീഡിയോയില്‍ പറയുന്നു.
അവന്‍ കൊണ്ടുവന്ന കൈക്കോട്ടിനും കൊട്ടയ്ക്കും 100 രൂപ വാടകയും വാങ്ങിയെന്നും അതിനാല്‍ താന്‍ ട്രാക്ടറടക്കം തന്റെ സ്ഥലത്ത് വാങ്ങിയിട്ടുവെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം ബംഗാളികളെയും തൊഴിലുറപ്പ് തൊഴിലാളികളെയും താരതമ്യം ചെയ്തും സുരേഷ് ഗോപി സംസാരിച്ചു. കൃത്യസമയത്ത് വന്ന് നിശ്ചിത സമയത്ത് മാത്രമേ ഭക്ഷണം പോലും കഴിക്കൂവെന്നും അഞ്ച് മണിയായാല്‍ മാത്രമേ ജോലി കഴിഞ്ഞ് ബംഗാളികള്‍ പോവൂവെന്നും സുരേഷ് ഗോപി പറഞ്ഞു.
എന്നാല്‍ നേരെ മറിച്ച് കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ തന്റടുത്ത് വന്ന് കെഞ്ചുമെന്നും മക്കള്‍ സ്‌കൂളില്‍ പോയി തിരിച്ചുവന്നാല്‍ ഒറ്റയ്ക്കാവുമെന്നും മൂന്ന് മണിയാവുമ്പോള്‍ ജോലിയില്‍ നിന്നും ഇറങ്ങാനുള്ള അവസരം ഉണ്ടാക്കുമോ എന്ന് ചോദിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍ 400 രൂപ കൂലിയില്‍ നിന്ന് 100 രൂപ കുറച്ചോട്ടെയെന്ന് ചോദിച്ചാല്‍ അവര്‍ക്കത് പറ്റില്ലെന്നും സുരേഷ് ഗോപി പരിഹസിച്ചു.
സുരേഷ് ഗോപിയുടെ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. സിനിമകള്‍ക്ക് കോടികള്‍ പ്രതിഫലം വാങ്ങുന്ന സുരേഷ് ഗോപിയാണ് 1300 രൂപയുടെ കണക്ക് പറയുന്നതെന്നടക്കമുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.
ഔദ്യോഗിക പദവിയിലിരിക്കുകയും രാജ്യത്തിന്റെ പൊതുവായ അഖണ്ഡതയ്ക്കും ഐക്യത്തിനും വിള്ളലുകളേല്‍പ്പിക്കുന്ന, ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്ന ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ കേന്ദ്ര മന്ത്രി സ്ഥാനം ഉപയോഗപ്പെടുത്താന്‍ സുരേഷ് ഗോപിക്ക് യാതൊരു അധികാരവുമില്ലെന്ന് നാം മനസ്സിലാക്കേണ്ടതുണ്ടെന്നും സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.സഹദേവന്‍ പറഞ്ഞു.
സുരേഷ് ഗോപി ബംഗാളി തൊഴിലാളികള്‍ക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തുന്നത് യാദൃശ്ചിമോ, അബോധപൂര്‍വ്വമോ ആയ കാര്യമല്ലെന്നും തീവ്ര വലതുപക്ഷ രാഷ്ട്രീയം എവിടെയും എക്കാലത്തും എടുത്തുപയോഗിക്കുന്ന കുടിയേറ്റ വിരുദ്ധ മനോഭാവത്തില്‍ നിന്ന് ഉയര്‍ന്നുവന്ന വിദ്വേഷ രാഷ്ട്രീയം തന്നെയാണ് സുരേഷ് ഗോപിയുടെ വിഷം തീണ്ടിയ പ്രസ്താവനയിലും കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: The Bengalis must be driven out; Suresh Gopi’s anti-immigrant and anti-worker remarks are again discussed