| Wednesday, 25th October 2023, 9:30 pm

ഇസ്രഈൽ ആക്രമണം ഭയന്ന് തെക്കൻ ഗസയിൽ അഭയം തേടി; ആക്രമണത്തിൽ കൊല്ലപ്പെട്ട് ഫലസ്തീനി നോവലിസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: വടക്കൻ ഗസയിൽ നിന്ന് തെക്കൻ മുനമ്പിലേക്ക് പലായനം ചെയ്യണമെന്ന ഇസ്രഈൽ നിർദേശത്തെ തുടർന്ന് തെക്കൻ ഗസയിലെ ഖാൻ യൂനിസിൽ അഭയം തേടിയ ഫലസ്തീനി നോവലിസ്റ്റ് ഹെബ അബു നദ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

ഖാൻ യൂനിസിലെ ബന്ധുക്കളുടെ വീട്ടിൽ അഭയം തേടിയ 32 കാരിയായ ഹെബ ഇസ്രഈൽ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നുവെന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.

ഹെബയുടെ ‘ഓക്സിജൻ ഈസ്‌ നോട്ട് ഫോർ ദി ഡെഡ്’ എന്ന പ്രഥമ നോവലിന് 2017ൽ സർഗാത്മകതക്കുള്ള ഷാർജ പുരസ്‌കാരം ലഭിച്ചിരുന്നു.

‘ദൈവത്തോട്, ഗസയിലെ ജനങ്ങൾ ഒന്നുകിൽ രക്തസാക്ഷികളോ അല്ലെങ്കിൽ വിമോചനത്തിന്റെ ദൃക്‌സാക്ഷികളോ ആണ്. ഇതിൽ ഏതിലാകും എത്തുക എന്നറിയാനാണ് ഞങ്ങൾ ഓരോരുത്തരും കാത്തിരിക്കുന്നത്. ദൈവമേ, നിന്റെ വാഗ്ദാനത്തിനായി കാത്തിരിക്കുകയാണ് ഞങ്ങൾ,’ കൊല്ലപ്പെട്ട ഒക്ടോബർ 20ന് ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിൽ ഹെബ പറഞ്ഞു.

കവയത്രി കൂടിയായ ഹെബ ക്ലിനിക്കൽ ന്യൂട്രീഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്.

‘ഗസയുടെ പുത്രി,’ ‘പ്രതീക്ഷയുടെ പോരാളി’ തുടങ്ങിയ വിശേഷണങ്ങളോടെ നിരവധി പേർ ഹെബക്ക് സമൂഹ മാധ്യമങ്ങളിൽ അന്ത്യാഞ്ജലി നേർന്നു.

ഫലസ്തീന്റെ ചരിത്രവും പാരമ്പര്യവും ക്യാൻവാസിൽ പകർത്തി ആഗോള ശ്രദ്ധ നേടിയ ചിത്രകാരി ഹെബ സഗൂട്ട് കഴിഞ്ഞ ആഴ്ച ഇസ്രഈലി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Content Highlight: The beloved Gaza novelist killed in Israeli attack after fleeing south

Latest Stories

We use cookies to give you the best possible experience. Learn more