അവര്‍ക്ക് ന്യായമായി ലഭിക്കേണ്ടത് റഫറി തട്ടിയകറ്റി; മത്സര ശേഷം ബാഴ്‌സക്ക് വേണ്ടി രംഗത്തെത്തി ബയേണ്‍ താരം | D Sports
ആദര്‍ശ് എം.കെ.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആരാധകര്‍ ഏറെ കാത്തിരുന്ന മത്സരമായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. ലാ ലീഗ വമ്പന്‍മാരായ ബാഴ്‌സലോണയും ബുണ്ടസ് ലീഗ ജയന്റ്‌സായ ബയേണ്‍ മ്യൂണിക്കും തമ്മില്‍ അലിയന്‍സ് അരീനയില്‍ വെച്ച് ഏറ്റുമുട്ടിയ മത്സരത്തിനായിരുന്നു ആരാധകര്‍ ദിവസങ്ങളോളും കണ്ണും കാതും കൂര്‍പ്പിച്ചിരുന്നത്.

നേരത്തെ, ബയേണിനോടേറ്റ തോല്‍വിക്ക് പ്രതികാരം വീട്ടാന്‍ കൂടി കണക്കാക്കിയായിരുന്നു ബാഴ്‌സലോണ ജര്‍മനിയിലേക്ക് വിമാനം കയറിയത്. എന്നാല്‍ വീണ്ടും ബവാരിയന്‍സിനോട് പരാജയം ഏറ്റുവാങ്ങാനായിരുന്നു ബാഴ്‌സയുടെ വിധി.

എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബാഴ്‌സ പരാജയപ്പെട്ടത്. ആദ്യ പകുതിയില്‍ ഇരു ടീമും കട്ടക്ക് നിന്നിരുന്നുവെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബയേണ്‍ മുന്നില്‍ കയറി.

51ാം മിനിട്ടിലും 54ാം മിനിട്ടിലും ബയേണ്‍ ഗോള്‍ കണ്ടെത്തിയതോടെ ബാഴ്‌സയുടെ ആത്മവിശ്വാസം തകര്‍ന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 2-0ന് ബയേണ്‍ വിജയിക്കുകയായിരുന്നു.

എന്നാല്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ബാഴ്‌സക്ക് ഒരു പെനാല്‍ട്ടിക്ക് അര്‍ഹതയുണ്ടായിരുന്നെന്ന് പറഞ്ഞിരിക്കുകയാണ് ബയേണ്‍ പ്രതിരോധ താരം ലൂകാസ് ഹെര്‍ണാണ്ടസ്. ബാഴ്‌സ താരം ഒസ്മാനെ ഡെംബാലെയെ ബോക്‌സില്‍ ഫൗള്‍ ചെയ്തതിന് കറ്റാലന്‍മാര്‍ക്ക് പെനാല്‍ട്ടി ലഭിക്കണമെന്നായിരുന്നു ഹെര്‍ണാണ്ടസ് പറഞ്ഞത്.

ആദ്യ പകുതിയില്‍ ഒസ്മാനെ ഡെംബാലെയെ ബയേണ്‍ താരം അല്‍ഫോണ്‍സോ ഡേവിസ് ബോക്‌സില്‍ ഫൗള്‍ ചെയ്തിരുന്നു. എന്നാല്‍ റഫറിയും വാറും (VAR) ബയേണിന് അനുകൂലമായാണ് നിലകൊണ്ടത്. എന്നാല്‍ മുന്‍ സീനിയര്‍ റഫറി എഡ്വാര്‍ഡോ ഇറ്റുറാല്‍ഡെ അതൊരു ഫൗളാണെന്ന അഭിപ്രായക്കാരനായിരുന്നു.

അതൊരു ക്ലിയര്‍ ഫൗള്‍ തന്നെയായിരുന്നുവെന്നും ബാഴ്‌സക്ക് പെനാല്‍ട്ടിക്ക് അര്‍ഹതയുണ്ടെന്നുമായിരുന്നു എഡ്വാര്‍ഡോ പറഞ്ഞത്. ഇക്കാര്യം കാനഡ എസ്.ഇ.ആറില്‍ ഹെര്‍ണാണ്ടസിനോട് പറയുകയും ചെയ്തിരുന്നു.

‘ഒസ്മാനെ ഡെംബാലെയെ ഫൗള്‍ ചെയ്തില്‍ ബാഴ്‌സ ഒരു പെനാല്‍ട്ടി അര്‍ഹിക്കുന്നുണ്ട്,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

എഡ്വാര്‍ഡോയുടെ ഈ വാദത്തോട് മനസില്ലാമനസോടെയായിരുന്നു അത് പെനാല്‍ട്ടിയാണെന്ന് ഹെര്‍ണ്ടസ് പറഞ്ഞത്.

‘Itu! Penaltito, penaltito’ (അത് പെനാല്‍ട്ടിയായിരുന്നു പെനാല്‍ട്ടിയായിരുന്നു) എന്നായിരുന്നു ഹെര്‍ണാണ്ടസിന്റെ മറുപടി.

കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ ബയേണ്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തിയിരുന്നു. കളിച്ച രണ്ട് മത്സരത്തില്‍ രണ്ടിലും ജയിച്ചാണ് ആറ് പോയിന്റോടെ ബയേണ്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തിയത്.

ബാഴ്‌സയാണ് രണ്ടാം സ്ഥാനത്ത്. രണ്ട് കളിയില്‍ നിന്നും ഒരു ജയവും ഒരു തോല്‍വിയുമായി മൂന്ന് പോയിന്റാണ് ബാഴ്‌സക്കുള്ളത്.

മൂന്നാമതുള്ള ഇന്റര്‍ മിലാനും മൂന്ന് പോയിന്റാണുള്ളതെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ബാഴ്‌സ മുന്നിലെത്തുകയായിരുന്നു. ഗ്രൂപ്പില്‍ അവസാന സ്ഥാനത്തുള്ള വിക്ടോറിയ പ്ലസാനിയ കളിച്ച രണ്ട് മത്സരത്തിലും തോല്‍വി വഴങ്ങിയിരുന്നു.

 

Content highlight: The Bayern Munich star admitted that Barcelona deserved a penalty in the defeat

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.