| Friday, 8th December 2023, 12:32 pm

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സീനിയര്‍ താരങ്ങളും ടെന്‍ ഹാഗും തമ്മില്‍ പോര്; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് താരങ്ങള്‍ക്ക് അവധി ദിവസങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍. യുണൈറ്റഡ് താരങ്ങള്‍ക്കുള്ള മത്സരങ്ങളുടെ ക്ഷീണവും ഷെഡ്യൂളിങ്ങും സംബന്ധിച്ച് താരങ്ങളുടെ പരാതികള്‍ നിലനിന്നിട്ടുകൂടിയും ടെന്‍ ഹാഗ് താരങ്ങള്‍ക്ക് അവധി നല്‍കിയില്ലെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

ഡെയ്ലി മെയില്‍ പറയുന്നതനുസരിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സീനിയര്‍ താരങ്ങള്‍ കൂടുതല്‍ അവധി ദിവസങ്ങള്‍ ചോദിച്ചതിനെ തുടര്‍ന്ന് അത് ടെന്‍ ഹാഗ് നിരസിക്കുകയായിരുന്നു. താരങ്ങള്‍ വന്‍തോതില്‍ തങ്ങളുടെ ജോലി ഭാരത്തെ കുറിച്ചും വിശ്രമമില്ലാതെ പരിശീലനം ചെയ്യുന്നതിനെക്കുറിച്ചും ധാരാളം പരാതികള്‍ ഉന്നയിച്ചിട്ടുണ്ടായിരുന്നു.

ലൂക്ക് ഷാ, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, റാഫേല്‍ വരാനെ, കാസെമിറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, റിസര്‍വ് ഗോള്‍കീപ്പര്‍ ടോം ഹീറ്റണ്‍ തുടങ്ങിയ സീനിയര്‍ താരങ്ങളാണ് ടെന്‍ ഹാഗിനെതിരെ ഈ വാദം ഉന്നയിച്ചത്. എന്നാല്‍ ടീമിലെ എല്ലാം താരങ്ങള്‍ക്കും ഈ പ്രശ്‌നങ്ങള്‍ ഇല്ലെന്നും പല താരങ്ങളും ടെന്‍ ഹാഗിന്റെ ഈ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഡ്രസ്സിങ് റൂമില്‍ താരങ്ങളും ടെന്‍ ഹാഗും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നുവെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ടെന്‍ ഹാഗിന്റെ പരിശീലനത്തിലും ടാക്റ്റിക്‌സുകളിലും പല താരങ്ങള്‍ക്കും അതൃപ്തിയുണ്ടെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ടെന്‍ ഹാഗിന്റെ കീഴില്‍ ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 15 റൗണ്ട് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഒമ്പത് വിജയവും ആറു തോല്‍വിയും അടക്കം 27 പോയിന്റുമായി ആറാം സ്ഥാനത്താണ് ടെന്‍ ഹാഗും കൂട്ടരും.

അതേസമയം ചാമ്പ്യന്‍സ് ലീഗിലും നിരാശാജനകമായ പ്രകടനമാണ് റെഡ് ഡെവിള്‍സ് നടത്തുന്നത്. ഗ്രൂപ്പ് എയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും നാല് പോയിന്റുമായി അവസാനസ്ഥാനത്താണ് യുണൈറ്റഡ്. പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറണമെങ്കില്‍ അവസാന മത്സരത്തില്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനെതിരെ വിജയത്തില്‍ കുറഞ്ഞതൊന്നും ടെന്‍ ഹാഗും സംഘവും ലക്ഷ്യം വെക്കുന്നില്ല.

ഇംഗ്ലീഷ് പ്രീമിയര്‍ ഡിസംബര്‍ ഒമ്പതിന് ബേണ്‍മൗത്തിനെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം. റെഡ് ഡെവിള്‍സിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോഡില്‍ ആണ് മത്സരം നടക്കുക.

content highlights; The battle between the senior players and Ten Haag at Manchester United; Report

We use cookies to give you the best possible experience. Learn more