ബെംഗളൂരുവിലുള്ളത് 10 ലക്ഷം മലയാളികള്‍; ആകെ ഒമ്പത് ട്രെയിന്‍ സര്‍വീസുകള്‍ മാത്രം; അടിയന്തര ഇടപെടലാവശ്യപ്പെട്ട് റെയില്‍വേ മന്ത്രിക്ക് എ.എ. റഹീമിന്റെ കത്ത്
Kerala News
ബെംഗളൂരുവിലുള്ളത് 10 ലക്ഷം മലയാളികള്‍; ആകെ ഒമ്പത് ട്രെയിന്‍ സര്‍വീസുകള്‍ മാത്രം; അടിയന്തര ഇടപെടലാവശ്യപ്പെട്ട് റെയില്‍വേ മന്ത്രിക്ക് എ.എ. റഹീമിന്റെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th October 2022, 6:04 pm

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള ട്രെയിന്‍ ഗതാഗത സംവിധാനത്തിലെ അടിസ്ഥാനപ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിയും അടിയന്തരമായി ട്രെയിന്‍ ഗതാഗത സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ആവശ്യകത ഉന്നയിച്ചും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് എ.എ. റഹീം എം.പി കത്തയച്ചു.

കേരളത്തിനും ബെംഗളൂരുവിനുമിടയില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അടിയന്തരമായി ഇടപെടണം എന്ന് എ.എ. റഹീം എം.പി ആവശ്യപ്പെട്ടു.

കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ ബെംഗളൂരുവില്‍ ജോലി ചെയ്യുന്നുണ്ട്. ബിസിനസ് അവശ്യങ്ങള്‍ക്കായും സ്വകാര്യ അവശ്യങ്ങള്‍ക്കായും മലയാളികള്‍ ആശ്രയിക്കുന്ന പ്രധാന കേന്ദ്രമാണ് ബെംഗളൂരു. കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന നഗരങ്ങളിലൊന്നുമാണ് ബെംഗളൂരു, ഏകദേശം 10 ലക്ഷത്തോളം മലയാളികള്‍ ബെംഗളൂരുവില്‍ താമസിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിനും ബംഗളൂരുവിനുമിടയില്‍ ആകെ ഒമ്പത് ട്രെയിന്‍ സര്‍വീസുകള്‍ മാത്രമാണുള്ളതെന്നും റഹീം കത്തില്‍ പറഞ്ഞു.

സര്‍വീസിലെ ദൗര്‍ലഭ്യം കാരണം ഭൂരിഭാഗം യാത്രക്കാര്‍ക്കും സ്വകാര്യ ബസ് സര്‍വീസുകളെ ആശ്രയിക്കേണ്ടതായി വരികയാണ്. ഈ സാഹചര്യം മുതലാക്കി സ്വകാര്യ ബസുകള്‍ സ്വന്തം നിലക്ക് നിരക്കുകള്‍ നിശ്ചയിക്കുകയാണ്, ഈ നിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിനേക്കാള്‍ വളരെ കൂടുതലാണ്. ഉത്സവ സീസണുകളില്‍ ഈ ചൂഷണം പരിധിവിടുന്നു. സാധാരണ ടിക്കറ്റുകളുടെ ഒരു ഭാഗം പ്രീമിയം തത്കാലിലേക്ക് വഴിതിരിച്ചുവിട്ട് സാധാരണ നിരക്കിന്റെ പലമടങ്ങ് വിലക്ക് വിറ്റഴിച്ചുകൊണ്ട് റെയില്‍വേയും അടുത്ത കാലത്തായി ഈ നയം പിന്തുടരുകയാണെന്നും എ.എ. റഹീം പറഞ്ഞു.

കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം നല്‍കുന്നതിന് ഈ റൂട്ടുകളിലെ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍, നിലവിലുള്ള പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അടിയന്തരമായി ക്രമീകരിക്കേണ്ടതുണ്ട്. പ്രീമിയം തത്കാല്‍ ടിക്കറ്റുകളിലൂടെ വന്‍തുക കൊയ്തുകൊണ്ട് തിരക്കിനിടയില്‍ യാത്രക്കാരുടെ ദുരിതം മുതലെടുക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വേ പിന്മാറണമെന്നും റഹീം കൂട്ടിച്ചേര്‍ത്തു.