കൊലക്കുറ്റത്തില്‍ ഷാക്കിബിനെ ടീമില്‍ നിന്ന് പുറത്താക്കില്ല; ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഫാറൂഖ് അഹമ്മദ്
Sports News
കൊലക്കുറ്റത്തില്‍ ഷാക്കിബിനെ ടീമില്‍ നിന്ന് പുറത്താക്കില്ല; ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഫാറൂഖ് അഹമ്മദ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th August 2024, 8:13 pm

ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ഒരാളെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസനെതിരെ കേസെടുത്തിരുന്നു. കേസില്‍ 147 പേര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഇതേത്തുടര്‍ന്ന് ബംഗ്ലാദേശ് ക്രിക്കറ്റിന്റെ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ ടീമില്‍ നിന്നും പുറത്താക്കണമെന്ന് പറഞ്ഞ് സുപ്രീം കോടതിയിലെ അഭിഭാഷകന്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ താരത്തെ ടീമില്‍ നിന്ന് പുറത്താക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വിസമ്മതിച്ചിരിക്കുകയാണ് ഇപ്പോള്‍.

കുറ്റക്കാരന്‍ ആണെന്ന് തെളിയുന്നത് വരെ രാജ്യത്തിനുവേണ്ടി ഷാക്കിബ് കളിക്കുമെന്നാണ് ബോര്‍ഡ് അറിയിച്ചു. നിലവില്‍ പാകിസ്ഥാന്‍ എതിരെയുള്ള ടെസ്റ്റ് പരമ്പരയിലാണ് ഷാക്കിബ്.

‘ഷാക്കിബ് ബംഗ്ലാദേശിനായി കളിക്കുന്നത് തുടരും. അവനെ സംബന്ധിച്ച് നോട്ടീസ് അയച്ചതിന്റെ മറുപടിയായി അവനെ ടീമില്‍ നിന്നും നീക്കം ചെയ്യില്ല എന്ന് ബോധ്യപ്പെടുത്തുന്നു. നിലവില്‍ കേസ് അതിന്റെ പ്രാരംഭ ഘട്ടത്തിലാണ് കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ ഞങ്ങള്‍ അവനെ കളിപ്പിക്കും,’ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഫാറൂഖ് അഹമ്മദ് പറഞ്ഞു.

ആഗസ്റ്റ് ഏഴിന് ബംഗ്ലാദേശില്‍ നടന്ന പ്രതിഷേധ സമരത്തില്‍ വെടിയേറ്റ് മരിച്ച റൂബലിന്റെ പിതാവ് റഫീക്കുല്‍ ഇസ്ലാമാണ് താരത്തിനെതിരെ കേസ് ഫയല്‍ ചെയ്തത്. സമരത്തില്‍ പങ്കെടുത്ത റൂബല്‍ നെഞ്ചിലും വയറിലും വെടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

ഇതേതുടര്‍ന്ന് ധാക്കയിലെ അഡബോര്‍ പൊലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്ത കേസിലാണ് ഷാക്കിബിനെ 28ാം പ്രതിയായും പ്രശസ്ത ബംഗ്ലാദേശി നടന്‍ ഫിര്‍ദൂസ് അഹമ്മദിനെ 55ാം പ്രതിയായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 154 പേര്‍ പ്രതിയായ കേസില്‍ മുന്‍ പ്രധാനമന്ത്രി ഷേയ്ക്ക് ഹസീനയും ഉള്‍പ്പെട്ടിട്ടുണ്ട്.

അതേസമയം ബംഗ്ലാദേശ് ക്രിക്കറ്റിന്റെ മികച്ച താരവും മുന്‍ ക്യാപ്റ്റനുമായ ഷാക്കിബ് അല്‍ ഹസന്‍ അടുത്തിടെ അധികാരം ഒഴിഞ്ഞ ആവാമി ലീഗിന്റെ മുന്‍പാര്‍ലമെന്റ് അംഗമാണ്. റൂബല്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഷാക്കിബിനും പങ്കുണ്ടെന്നാണ് എഫ്.ഐ.ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ 450ഓളം ആളുകളുമാണ് ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടത്.

 

Content Highlight: The Bangladesh Cricket board said that Shakib will play for the country until proven guilty