| Wednesday, 2nd February 2022, 5:18 pm

മീഡിയ വണ്ണിനെ വിലക്കിയത് രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെന്ന് കേന്ദ്രം; വിലക്ക് ഹൈക്കോടതി തടഞ്ഞത് തിങ്കളാഴ്ച വരെ തുടരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മീഡിയ വണ്‍ വിലക്ക് ഹൈക്കോടതി തടഞ്ഞത് തിങ്കളാഴ്ച വരെ തുടരും. കേസ് തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും

മീഡിയ വണ്ണിന് സംപ്രേക്ഷണാനുമതി നിഷേധിച്ചതിനുള്ള കാരണങ്ങള്‍ മുദ്രവെച്ച കവറില്‍  കോടതിക്ക് കൈമാറും എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.

രഹസ്യാന്വേഷണ സംഘങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. എന്നാല്‍ എന്ത് കാരണത്താലാണ് അനുമതി നിഷേധിച്ചതെന്ന കാരണം പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്നായിരുന്നു കേന്ദ്രം നിലപാടെടുത്തത്.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട പറയാവുന്ന എല്ലാ കാര്യങ്ങളും പറയണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു.

സുരക്ഷാ കാരണങ്ങള്‍ കൊണ്ട് അനുമതി നിഷേധിച്ചാല്‍ കാരണം പരസ്യപ്പെടുത്തേണ്ടെന്ന് സുപ്രീം കോടതി ഉത്തരവുണ്ട് എന്ന് ഹൈക്കോടതിയെ ധരിപ്പിച്ചായിരുന്നു കേന്ദ്രം വാദങ്ങള്‍ മുന്നോട്ട് നീക്കിയത്.

എന്നാല്‍ മീഡിയ വണ്ണിന് സെക്യൂരിറ്റി ക്ലിയറന്‍സ് നേരത്തെ ലഭിച്ചതാണെന്നും അത് പുതുക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് എന്നുമായിരുന്നു മീഡിയ വണ്ണിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കിയത്.

ലൈസന്‍സ് പുതുക്കുന്നതിനുള്ള മാര്‍ഗരേഖയില്‍ പോലും പറയാത്ത കാരണങ്ങളാണ് മീഡിയ വണ്ണിനെതിരെ ആരോപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലുകള്‍ ഹാജരാക്കണമെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

ഇടക്കാല സ്‌റ്റേ അനുവദിക്കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടപ്പോള്‍, കോടതി വിലക്ക് തിങ്കളാഴ്ച വരെ നീട്ടുകയായിരുന്നു.

content highlight: The ban on Media One by the High Court will continue till Monday

We use cookies to give you the best possible experience. Learn more