നടന്മാരായ ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് എതിരായ വിലക്ക് നീക്കി. അഭിനേതാക്കളുടെ സംഘടനയായ അമ്മ കൂടി ഇടപെട്ടാണ് നിര്‍മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയത്. ഭാവിയില്‍ പ്രശ്‌നങ്ങളില്ലാതെ നോക്കാമെന്ന് അമ്മ ഉറപ്പ് നല്‍കി.
ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ക്ഷമാപണ കത്ത് കൈമാറി. രണ്ട് സിനിമകള്‍ അഭിനയിക്കുന്നതിന് അധികം വാങ്ങിയ തുക തിരിച്ചു നല്‍കാമെന്ന് ഷെയിനും പറഞ്ഞു. ഇതോടെയാണ് നടന്മാരുമായി സഹകരിക്കില്ലെന്ന തീരുമാനം നിര്‍മാതാക്കളുടെ സംഘടന മാറ്റിയത്.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് നടന്മാരായ ഷെയിന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും ഫെഫ്കയും നിര്‍മാതാക്കളുടെ സംഘടനയും അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയത്. നിര്‍മാതാക്കളുടെ സംഘടനയിലെ അംഗങ്ങള്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഇവരെ സഹകരിപ്പിക്കില്ലെന്നായിരുന്നു തീരുമാനം. സിനിമ സംഘടനകള്‍ സംയുക്തമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലും ഇത് പറഞ്ഞിരുന്നു.
ഫെഫ്ക, നിര്‍മാതാക്കളുടെ സംഘടന, താര സംഘടന അമ്മ എന്നീ സംഘടനകള്‍ സംയുക്തമായാണ് വാര്‍ത്ത സമ്മേളം നടത്തിയത്. ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവരുടെ പേര് എടുത്ത് പറഞ്ഞിരുന്നില്ല. പ്രശ്‌നം പരിഹരിക്കുന്നതുവരെ വിലക്ക് എന്നാണ് പത്രസമ്മേളനത്തില്‍ പരോക്ഷമായി സൂചിപ്പിച്ചത്.
തുടര്‍ന്ന് വിവിധ തലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ പരിഹാരം ഉണ്ടായത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Content Highlight: The ban against Srinath Bhasi and Shane Nigam was lifted