| Wednesday, 7th August 2019, 10:03 pm

ആദ്യമായി ഒരു യാദവ് വിഭാഗക്കാരനെ ലോക്‌സഭ കക്ഷി നേതാവായി നിയമിച്ച് ബി.എസ്.പി; ഡാനിഷ് അലിയെ മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആദ്യമായി യാദവ് വിഭാഗത്തില്‍ നിന്നുള്ള എം.പിയെ ലോക്‌സഭ കക്ഷി നേതാവായി നിയമിച്ച് ബി.എസ്.പി. ഡാനിഷ് അലി എം.പിയെ മാറ്റി ജോന്‍പൂരില്‍ നിന്നുള്ള എം.പി ശ്യാം സിംഗ് യാദവിനെയാണ് ലോക്‌സഭ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.

മുന്‍ രാജ്യസഭ എം.പി മുന്‍ഖ്വാദ് അലിയെ ബി.എസ്.പി ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷനായി തെരഞ്ഞെടുത്തു.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തെ പിന്തുണച്ചതില്‍ ബി.എസ്.പിയോട് മുസ്‌ലിം അണികള്‍ക്ക് പ്രതിഷേധമുണ്ട്. ഇതിനെ മറികടക്കുന്നതിന് വേണ്ടി ബി.എസ്.പി നടത്തുന്ന ശ്രമമായാണ് മുന്‍ഖ്വാദ് അലിയെ സംസ്ഥാന അദ്ധ്യക്ഷനായി പെട്ടെന്ന് തന്നെ തെരഞ്ഞെടുത്തതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ബി.എസ്.പിയുടെ വളര്‍ച്ചയിലും തളര്‍ച്ചയിലും പാര്‍ട്ടിയോടൊപ്പം ഒരേ പോലെ ഉറച്ചു നിന്ന നേതാക്കളിലാണ് മുന്‍ഖ്വാദ് അലി. ആര്‍.എസ് ഖുശ്‌വാഹയായിരുന്നു സംസ്ഥാന അദ്ധ്യക്ഷന്‍. ഖുശ്‌വാഹ ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കും.

ജൂണ്‍ മാസത്തില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള എം.പി ഗിരീഷ് ചന്ദ്രയെ ബി.എസ്.പിയുടെ പത്തംഗ എം.പിമാരെ നയിക്കുന്നതിനുള്ള സഭാ നേതാവായി നിശ്ചയിച്ചിരുന്നു. ഗിരീഷ് ചന്ദ്ര ജാതവ് ലോക്‌സഭ ചീഫ് വിപ്പ് ആയി തുടരും.

പുതിയ നിയമനങ്ങളിലൂടെ ബി.എസ്.പി ”ദളിത്-യാദവ്-മുസ്‌ലിം” എന്ന സാമൂഹ്യ സമവാക്യം നിലനിര്‍ത്താനാണ് ശ്രമിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more