തിരുവനന്തപുരം: വയനാടിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി സഹായം നല്‍കണമെന്ന പ്രമേയം ഏകകണ്ഠമായി പാസാക്കി നിയമസഭ. ഇതുവരെ സഹായം അനുവദിക്കാത്തത് ഖേദകരമാണെന്നും പ്രമേയത്തില്‍ പറയുന്നു. ഇതിന് പുറമെ ദുരിതബാധിതരുടെ വായ്പകള്‍ എഴുതി തള്ളണമെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്.
വയനാട് പുനരധിവാസത്തിനായി പ്രതിപക്ഷവുമായി സംസ്ഥാന സര്‍ക്കാര്‍ നാളെ ചര്‍ച്ച നടത്തും. കേന്ദ്ര സഹായം ലഭിക്കുമെന്ന് ഇപ്പോഴും ശുഭപ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിലെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ടി.സിദ്ദിഖാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ഇതിന് പുറമെ വഖഫ് ഭേദഗതി ബില്ലിനെതിരേയും ഏകകണ്ഠമായി നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്.
അതേസമയം പുനരധിവാസം സംബന്ധിച്ച ദുഷ്പ്രചരണങ്ങള്‍ ഏറ്റെടുക്കാത്തില്‍ പ്രതിപക്ഷത്തേയും മുഖ്യമന്ത്രി തന്റെ പ്രസംഗത്തിനിടെ പ്രശംസിക്കുകയുണ്ടായി. ‘ദുരന്ത സമയങ്ങളില്‍ ആവശ്യമായ കേന്ദ്ര സഹായം ലഭിക്കാത്ത ദുരനുഭവങ്ങള്‍ നമുക്ക് പതിവാണ്. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച നമ്മുടെ സംസ്ഥാനത്തെ ബാധിച്ച ഏറ്റവും വലിയ ദുരന്തത്തിന്റെ കാര്യത്തില്‍ ഇത്തരമൊരു വീഴ്ച്ച ഉണ്ടാവാന്‍ പാടില്ല എന്നത് പ്രധാനമാണ്. ഇപ്പോഴും സഹായം ലഭിക്കുമെന്ന ശുഭപ്രതീക്ഷ തന്നെയാണ് ഉള്ളത്,’ മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
പുനരധിവാസം വേഗത്തിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടിട്ടുണ്ട്. നികുതിപ്പണത്തിന്റെ പകുതി എടുക്കുന്നത് കേന്ദ്രസര്‍ക്കാരല്ലേ എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഇവയ്ക്ക് പുറമെ സര്‍ ചാര്‍ജ്, ഇന്‍കം ടാക്‌സ് എന്നിങ്ങനെ പല പേരിലും കേന്ദ്രം വിഹിതം എടുക്കുന്നുണ്ടല്ലോ എന്നും ചോദിക്കുകയുണ്ടായി.
ഇത്തരത്തില്‍ ലഭിക്കുന്ന പണത്തില്‍ നിന്ന് ഇവിടെ ഒരു ദുരന്തം ഉണ്ടാവുമ്പോള്‍ അതിലെ ഇരകള്‍ക്ക് സഹായം കൊടുക്കേണ്ടതിന്റെ ബാധ്യത കേന്ദ്ര ഗവണ്‍മെന്റിനുണ്ടെന്നും വി.ഡി.സതീശന്‍ പറഞ്ഞു. അതിനായി സര്‍ക്കാര്‍ ഇനിയും കേന്ദ്രത്തിന് മേല്‍ ശക്തമായി സമ്മര്‍ദ്ദം ചെലുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.